ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ ഇന്ത്യയിലെത്തി അന്വേഷണം നടത്തുന്നതിന് യുഎഇ അനുവാദം ചോദിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം. റെഡ്ക്രസന്റുമായുള്ള കരാറിന്റെ നിയമവശം പരിശോധിക്കുകയാണെന്നും വിദേശകാര്യവക്താവ് അറിയിച്ചു. ദേശീയതലത്തിൽ ചർച്ചാ വിഷയമാക്കുമ്പോഴും രാജ്യാന്തരമാനം കൂടിയുള്ള സ്വർണ്ണക്കടത്ത് കേസിൽ ചില കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോ എന്നതിലും വ്യക്തതയില്ല.
അതേസമയം, അന്വേഷണത്തിൽ യുഎഇയുടെ സഹകരണം ഇന്ത്യ തേടിയിരുന്നു. യുഎഇ ഇക്കാര്യത്തിൽ എന്തെങ്കിലും മറുപടി നല്കിയില്ല എന്ന സൂചനയാണ് വിദേശകാര്യമന്ത്രാലയം ഇന്ന് നൽകിയത്.
ഇതിനിടെ, സ്വർണ്ണക്കടത്ത് വിഷയത്തിൽ ഇന്നലെ രണ്ടു മിനിറ്റിലധികം സംസാരിക്കാൻ ബിജെപിയുടെ തേജസ്വി സൂര്യക്ക് സ്പീക്കർ അനുവാദം നൽകിയിരുന്നു. മുഖ്യമന്ത്രിയുമായി ബന്ധമുള്ളതാണ് സ്വർണ്ണക്കടത്തെന്ന് സഭയിൽ തേജസ്വി സൂര്യ ആരോപിക്കുകയും ചെയ്തു. ബിജെപി ഇക്കാര്യം സജീവമായി നിറുത്താൻ തീരുമാനിച്ചു എന്ന സൂചനയാണ് തേജസ്വി സൂര്യയുടെ ഇടപെടൽ സൂചിപ്പിക്കുന്നത്. എന്നാൽ, ബിജെപി ആരോപണം ഉന്നയിക്കുമ്പോൾ അതിനോടു ചേരാതെ യുഡിഎഫ് എംപിമാർ മൗനം പാലിച്ചിരുന്നു. ബിജെപിയുമായി സംയുക്തനീക്കം ഒഴിവാക്കുക എന്നതായിരുന്നു ലക്ഷ്യം.
Discussion about this post