വിവാദ ഫാം സെക്ടർ ബിൽ ലോക്‌സഭയിൽ; പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവെച്ചു

ന്യൂഡൽഹി: രണ്ടാം മോഡി സർക്കാരിന്റെ മന്ത്രിസഭയിൽ നിന്നും മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവെച്ചു. പ്രതിപക്ഷം ഉൾപ്പടെ വലിയ തോതിൽ എതിർക്കുന്ന വിവാദ ഫാം സെക്ടർ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് കേന്ദ്രമന്ത്രിയുടെ രാജി. ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദളിൽ നിന്നുള്ള മന്ത്രിയാണ് ഹർസിമ്രത് കൗർ ബാദൽ. ഭക്ഷ്യ സംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു.

ഫാം സെക്ടർ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ ഇതിനെ എതിർക്കുമെന്ന് അകാലിദൾ നേതാവ് സുഖ്ബിർ ബാദൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ രാജി. ബില്ലിനെതിരെ പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിൽ വലിയ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഇവയ്ക്ക് നേരെ കണ്ണടയ്ക്കുന്ന നിലപാടാണ് കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്. മുമ്പ് ബിൽ അവതരിപ്പിക്കുന്നത് മാറ്റിവെക്കണമെന്ന് അകാലിദൾ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അവഗണിച്ച് മുന്നോട്ടുപോയതോടെയാണ് പ്രതിഷേധമായി ഹർസിമ്രത് കൗർ രാജിവെച്ചത്.

അതേസമയം, ഈ ബില്ലിനെ ആദ്യം അനുകൂലിച്ചവരായിരുന്നു അകാലിദൾ. എന്നാൽ കർഷക പ്രതിഷേധം കണക്കിലെടുത്താണ് നിലപാട് മാറ്റിയത്. ബില്ലിനെ എതിർക്കുമ്പോഴും ബിജെപിക്കുള്ള പിന്തുണ തുടരുമെന്ന് അകാലിദൾ പറയുന്നു. ലോക്‌സഭയിൽ ബില്ലിനെതിരെ വോട്ട് ചെയ്യാനാണ് അകാലിദൾ തീരുമാനം. കോൺഗ്രസ് എംപിമാർ ബിൽ കത്തിച്ച് പാർലമെന്റിന് പുറത്ത് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Exit mobile version