ഗോവ: പിറന്നാള്‍ ആഘോഷിച്ച് മാത്രം നടന്നാല്‍ പോരാ, കൊവിഡിന് സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുന്ന തുക കുറയ്ക്കണമെന്ന വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ്. ഗോവയില്‍ കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളില്‍ വലിയ തുകയാണ് ഈടാക്കുന്നതെന്നും മോഡിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനൊപ്പം ബിജെപി സര്‍ക്കാര്‍ ആളുകളുടെ ആരോഗ്യത്തെകുറിച്ചു കൂടി ശ്രദ്ധിക്കണമെന്നും ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഗിരീഷ് ചോദന്‍കര്‍ ആരോപിച്ചു.
രാജ്യത്ത് കൊവിഡ് ചികിത്സയ്ക്ക് ഏറ്റവും കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നത് ഗോവയിലാണെന്നും ആളുകളുടെ രോഗത്തില്‍ നിന്നും ബിസിനസ് ചെയ്യുകയാണ് ബിജെപി സര്‍ക്കാര്‍ എന്നും ഗിരീഷ് ചോദന്‍കര്‍ പറയുന്നു. ബിജെപിയുടെ അജണ്ട ജനങ്ങളെ സേവിക്കുക എന്നതാണെങ്കില്‍ കൊവിഡ് ചികിത്സാ തുക കുറക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സാധാരണക്കരായ ആളുകളെ സഹായിക്കാതെ കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമാവുന്ന രീതിയിലാണ് ബിജെപിയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം ആരോപിച്ചു.
‘ഗോവയില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇവിടുത്തെ സര്‍ക്കാരിനാണ്, സൗത്ത് ഗോവയിലെ ജില്ലാആശുപത്രിയെ മുഴുവനായും കൊവിഡ് ചികിത്സക്കായി മാറ്റാനുള്ള തീരുമാനം വളരെ വൈകിയാണ് സര്‍ക്കാര്‍ എടുത്തത്’, ചോദന്‍കര്‍ കൂട്ടിച്ചേര്‍ത്തു.