മുംബൈ: കൊവിഡ് ബാധിച്ചെന്നും വീട്ടിലേക്ക് ഇനിയില്ലെന്നും ഭാര്യയോട് പറഞ്ഞ് ഒളിച്ചോടി കാമുകിയ്ക്കൊപ്പം താമസമാക്കിയ യുവാവിനെ പോലീസ് പിടികൂടി. ഇയാളെ വീട്ടിൽ നിന്നും മുങ്ങി രണ്ട് മാസത്തിന് ശേഷമാണ് കണ്ടെത്തിയത്. നവി മുംബൈയിൽ നിന്ന് ജൂലായ് 21 ന് കാണാതായ ഇരുപത്തെട്ടുകാരനെയാണ് ബുധനാഴ്ച ഇൻഡോറിൽ നിന്ന് പോലീസ് കണ്ടെത്തിയത്.
നവി മുംബൈയിലെ തലോജയിലാണ് ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം യുവാവ് താമസിച്ചിരുന്നത്. ഇതിന് പിന്നാലെ തനിക്ക് കൊവിഡാണെന്നും രോഗബാധയിൽ നിരാശനായതിനെ തുടർന്ന് താൻ മരിക്കാൻ പോവുകയാണെന്നും ഭാര്യയോട് ഫോണിൽ പറഞ്ഞ ശേഷം ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. തൊട്ടടുത്ത ദിവസം യുവാവിന്റെ ബൈക്കും താക്കോലും ഹെൽമെറ്റും ഓഫീസ് ബാഗും പേഴ്സും വാഷിയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഭാര്യാസഹോദരൻ പോലീസിൽ പരാതി നൽകി.
ഈ പരാതിക്ക് പിന്നാലെ അന്വേഷണം ആരംഭിച്ച പോലീസ് പല രീതിയിൽ അന്വേഷണം ആരംഭിച്ചു. കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിലും മറ്റു കൊവിഡ് കേന്ദ്രങ്ങളിലും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ആത്മഹത്യ ചെയ്തിരിക്കാമെന്ന നിഗമനത്തിൽ ആ വഴിക്കും അന്വേഷണം നീങ്ങി.
ഫോൺ സ്വിച്ച്ഓഫ് ആയിരുന്നതിനാൽ യാതൊരു സൂചനയും ലഭിച്ചില്ല. കഴിഞ്ഞയാഴ്ച ലഭിച്ച വിവരമനുസരിച്ച് ഇൻഡോറിലെത്തിയ പോലീസ് മറ്റൊരു യുവതിയുമൊത്ത് താമസിക്കുന്ന യുവാവിനെ കണ്ടെത്തുകയായിരുന്നെന്ന് സീനിയർ പോലീസ് ഇൻസ്പെക്ടർ സഞ്ജീവ് ധുമാൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഈ വീട് വാടകയ്ക്കെടുത്ത് ഇയാൾ മറ്റൊരു പേരിലായിരുന്നു. ബുധനാഴ്ച പോലീസ് ഇയാളെ തിരികെ നവി മുംബൈയിലെത്തിച്ചു.
Discussion about this post