ബംഗളൂരു: ഇലക്ഷന്‍ അടുത്തുകൊണ്ടിരിക്കുമ്പോള്‍ പല സംഭവ വികാസങ്ങളും നമ്മുടെ നാട്ടില്‍ നടക്കാറുണ്ട്. എന്നാല്‍ തെലങ്കാനയില്‍ ഇലക്ഷന്‍ അടുത്തുകൊണ്ടിരിക്കുമ്പോള്‍ കാണാതായത് കര്‍ണാടകയിലെ മൂങ്ങകളെയാണ്. ഇതിന്റെ പിന്നിലെ കാരണം അന്വേഷിച്ച് ചെന്നപ്പോള്‍ ഞെട്ടിയത് പാവം കര്‍ണാടക പോലീസ്.
കഴിഞ്ഞ ദിവസമാണ് തെലങ്കാന അതിര്‍ത്തി പ്രദേശമായ സേദം പട്ടണത്തില്‍ നിന്ന് മൂങ്ങകളെ തട്ടികൊണ്ടുപോകുന്ന ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ക്ക് ആപത്ത് വരുത്താന്‍ രാത്രി കാലങ്ങളില്‍ ഇരപിടിക്കുന്ന പക്ഷികള്‍ക്ക് കഴിയുമെന്നും അതിനായി ഇവയെ തെലങ്കാനയിലേക്ക് കൊണ്ടു പോവുകയാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.
മൂങ്ങയെ കടത്തിക്കൊണ്ടുപോയി മൂന്നും നാലും ലക്ഷത്തിന് അവയെ വില്‍ക്കാനായിരുന്നു ഇവര്‍ തീരുമാനിച്ചിരുന്നത്. മൂങ്ങയെ ദുര്‍മന്ത്രവാദത്തിന് വലിയ അളവില്‍ ഉപയോഗിക്കുന്നുണ്ട്. ചില ആഭിചാര പ്രവര്‍ത്തനങ്ങളില്‍ മൂങ്ങയെ കൊന്ന് അതിന്റെ തല, തൂവലുകള്‍, കണ്ണുകള്‍, കാലുകള്‍ തുടങ്ങയവ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വിട്ടിലെറിഞ്ഞാല്‍ അവരെ തെരഞ്ഞെടുപ്പില്‍ തകര്‍ക്കാനാകുമെന്നാണ് വിശ്വാസം.
തെലങ്കാന തെരഞ്ഞെടുപ്പ് അടുക്കും തോറും കൂടുതല്‍ മൂങ്ങകള്‍ ആപത്തിലാകമെന്നാണ് പ്രക്യതി സ്‌നേഹികളുടെ ആശങ്ക. പിടിച്ചെടുത്ത മൂങ്ങകളെ തിരിച്ച് അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് പോലീസ് തുറന്ന് വിട്ടു. ഏകദേശം അഞ്ച് കിലോ തുക്കമുണ്ടാകും ഒരോ മുങ്ങകള്‍ക്കുമെന്നാണ് വനംവകുപ്പ് പ്രതിനിധി യാദവ് പറയുന്നത്. മൂങ്ങയെ ഉള്‍പ്പെടുത്തിയുള്ള ആഭിചാര പ്രവര്‍ത്തനങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ മൂങ്ങ അറിവിന്റെ പ്രതീകമാണെങ്കില്‍ ഇന്ത്യയില്‍ ഇപ്പോഴും ഇവ ഭാഗ്യമില്ലായ്മയുടെ അടയാളമാണ്. ഇന്ത്യയില്‍ വലിയ രീതിയില്‍ മൂങ്ങയെ ഇപ്പോഴും അന്ധവിശ്വാസത്തിനും ആഭിചാരത്തിനും ഉപയോഗിക്കുന്നുണ്ട്.