ഹൈദരാബാദ്: കൊവിഡ് ബാധിച്ച് തിരുപ്പതി എംപി ബല്ലി ദുര്‍ഗ പ്രസാദ് റാവു അന്തരിച്ചു. 64 വയസായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കൊവിഡ് ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 15 ദിവസം മുന്‍പാണ് ദുര്‍ഗ പ്രസാദ് റാവുവിനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുഡുര്‍ ജില്ലയില്‍ നിന്നുള്ള നേതാവായ ദുര്‍ഗ പ്രസാദ് റാവു നാല് തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1996-98ല്‍ പ്രാഥമിക വിദ്യാഭ്യാസവകുപ്പ് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. തിരുപ്പതിയില്‍ നിന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ടിക്കറ്റിലാണ് ദുര്‍ഗ പ്രസാദ് റാവു എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. ദുര്‍ഗപ്രസാദ് റാവുവിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
Discussion about this post