ന്യൂഡൽഹി: ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ച പാർലമെന്റ് കെട്ടിടം ഉപേക്ഷിച്ച് പുതിയ പാർലമെന്റ് മന്ദിരം ഒരു വർഷത്തിനുള്ളിൽ നിർമ്മിക്കാൻ കേന്ദ്രത്തിന്റെ പദ്ധതി. ഇതിന്റെ നിർമ്മാണ ചുമതല ടാറ്റ പ്രോജക്ട്‌സ് സ്വന്തമാക്കി. 861.90 കോടി രൂപയാണ് പുതിയ മന്ദിരത്തിന്റെ നിർമ്മാണത്തിന് വേണ്ടി ചെലവഴിക്കുക. ഒരു വർഷം കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇപ്പോൾ നടക്കുന്ന പാർലമെന്റ് സമ്മേളനം അവസാനിക്കുന്ന മുറയ്ക്ക് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
എൽ&ടി, ടാറ്റ് പ്രോജക്ട്‌സ്, ഷപൂർജി പല്ലോൻജി&കമ്പനി എന്നിങ്ങനെ മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൂന്ന് കമ്പനികളാണ് അവസാനഘട്ട ലേലത്തിൽ പങ്കെടുത്തത്. 865 കോടിയൂടെ ലേലമാണ് എൽ&ടി സമർപ്പിച്ചത്.
പാർലമെന്റും വിവിധ മന്ത്രാലയങ്ങളുമുൾപ്പെടുന്ന ഡൽഹിയിലെ സെൻട്രൽ വിസ്ത പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായാണ് പുതിയ പാർലമെന്റ് കെട്ടിടം നിർമിക്കുന്നത്. ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരവും അതിനടുത്തുതന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉൾപ്പെടുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി. പുതിയ മന്ദിരം നിർമ്മിച്ചാലും പഴയ കെട്ടിടം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുമെന്ന് അധികൃതർ പ്രതികരിച്ചു.
രാഷ്ട്രപതിഭവൻ ഇപ്പോഴത്തേതു പോലെ തന്നെ തുടരും. നിലവിലെ പാർലമെന്റ് മന്ദിരം, നോർത്ത് സൗത്ത് ബ്ലോക്കുകൾ എന്നിവ പൈതൃക കേന്ദ്രങ്ങളെന്ന നിലയിൽ നിലനിർത്തും. പുതിയ പദ്ധതി പൂർത്തിയാവുന്നതോടെ വിജയ് ചൗക്ക് ഉൾപ്പെടുന്ന തന്ത്രപ്രധാന മേഖലയുടെ മുഖച്ഛായ മാറും. രാഷ്ട്രപതിഭവൻ, ഉപരാഷ്ട്രപതിഭവൻ, പ്രധാനമന്ത്രിയുടെ വസതി, ഓഫീസ് എന്നിവ അടുത്തടുത്താകും.