ന്യൂഡൽഹി: സമ്പൂർണ്ണ അടച്ചിടൽ ഏർപ്പെടുത്തിയ കാലത്ത് വ്യാപകമായി വിമർശിക്കപ്പെട്ട പോലീസ് അതിക്രമങ്ങളെ കുറിച്ചും തങ്ങൾക്ക് അറിയില്ലെന്ന് കൈമലർത്തി കേന്ദ്രസർക്കാർ. ലോക്ക്ഡൗൺ കാലത്തെ പോലീസ് അതിക്രമങ്ങളെപ്പറ്റിയുടെ വിവരങ്ങളൊന്നും കൈവശമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. പോലീസ് അതിക്രമങ്ങളെ തുടർന്നുണ്ടായ മരണം, വ്യക്തികൾക്കേറ്റ പരിക്കുകൾ, ഇവ സംബന്ധിച്ച കേസുകൾ, പരാതികൾ എന്നിവ സംബന്ധിച്ച രേഖകളൊന്നും കൈവശമില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
പോലീസും ക്രമസമാധാന പാലനവും സംസ്ഥാന വിഷയമായതിനാൽ സംസ്ഥാന സർക്കാരുകളാണ് ലോക്ക്ഡൗൺ കാലത്ത് നടപടികൾ സ്വീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി രാജ്യസഭയെ അറിയിച്ചു. പരാതികൾ, പോലീസ് കേസുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ദേശീയ തലത്തിൽ ശേഖരിച്ച് സൂക്ഷിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
നേരത്തെ, ലോക്ക്ഡൗണിനെത്തുടർന്ന് സ്വന്തം നാടുകളിലേക്ക് പോകാനുള്ള ശ്രമത്തിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ വിവരവും സൂക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ സെപ്റ്റംബർ 14ന് പാർലമെന്റിനെ അറിയിച്ചിരുന്നു. അടൂർ പ്രകാശ് അടക്കമുള്ള എംപിമാരാണ് ലോക്ക്ഡൗൺ കാലത്ത് കുടിയേറ്റ തൊഴിലാളികൾ നേരിടേണ്ടിവന്ന ദുരിതം സംബന്ധിച്ച കണക്കുകൾ ആരാഞ്ഞത്. എന്നാൽ അത്തരം വിവരങ്ങൾ കൈവശമില്ലെന്ന മറുപടിയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം നൽകിയത്.
കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആരോഗ്യം സംസ്ഥാന വിഷയമാണെന്ന് മന്ത്രാലയവും ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post