ന്യൂഡൽഹി: രാജ്യത്തെ എസ്ബിഐ എടിഎമ്മുകളിൽനിന്ന് ഇനിമുതൽ ഒറ്റത്തവണ പാസ്കോഡ് (ഒടിപി) ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള സമയപരിധി 24 മണിക്കൂറായി നീട്ടി. സെപ്റ്റംബർ 18 വെള്ളിയാഴ്ച മുതൽ പുതിയ സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്നും എസ്ബിഐ അറിയിച്ചു. ഡെബിറ്റ് കാർഡ് ഇല്ലാതെ ഒടിപി ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 10,000 രൂപയോ അതിന് മുകളിലുള്ള തുകയോ എടിഎമ്മിൽനിന്ന് ഇത്തരത്തിൽ പിൻവലിക്കാനാകും. രാജ്യത്തെ മുഴുവൻ എസ്ബിഐ എടിഎമ്മുകളിലും ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും ഈ സേവനം ലഭ്യമായിരിക്കും. പുതിയ സൗകര്യം ഉപയോഗിക്കുന്നതിന് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യണമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് എടിഎം വഴിയുള്ള തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എസ്ബിഐയുടെ പുതിയ നീക്കം. ഇതുവഴി തട്ടിപ്പും അനധികൃത ഇടപാടുകളും സാധിക്കും. പുതിയ സൗകര്യം എടിഎമ്മുകളിലെ സുരക്ഷാ സംവിധാനത്തെ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നാണ് എസ്ബിഐ വിലയിരുത്തൽ.
ജനുവരി ഒന്നുമുതലാണ് ഒടിപി അധിഷ്ഠിത പണം പിൻവലിക്കൽ സംവിധാനം എസ്ബിഐ ആരംഭിച്ചത്. നിലവിൽ ഒരു ദിവസം 12 മണിക്കൂർ (രാവിലെ 8 മുതൽ രാത്രി 8 വരെ) മാത്രമാണ് ഒടിപി അടിസ്ഥാനമാക്കി പണം പിൻവലിക്കാൻ സാധിക്കുകയുള്ളൂ.
ഒടിപി ഉപയോഗിച്ച് എങ്ങനെ പണം പിൻവലിക്കാം ?
പണം പിൻവലിക്കാൻ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപിക്കൊപ്പം ഉപഭോക്താവ് ഡെബിറ്റ് കാർഡ് പിൻ നൽകേണ്ടതുണ്ട്. എടിഎം കൗണ്ടറിലെത്തി പണം പിൻവലിക്കാനുള്ള ഓപ്ഷൻ നൽകിയാലുടൻ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി നമ്പർ അയക്കും. ഇത് നൽകുന്നതോടെ ഉപഭോക്താവിന് പണം പിൻവലിക്കാനാകും. എസ്ബിഐയുടെ എടിഎമ്മുകളിൽ മാത്രമേ ഈ സൗകര്യം ലഭ്യമാകുകയുള്ളൂ.
Discussion about this post