ഭോപ്പാല്‍: പാലത്തിന് മുകളില്‍ നിന്നും യുവാവ് തെരുവുനായയെ തടാകത്തിലേക്ക് വലിച്ചെറിഞ്ഞു. ഭോപ്പാലിലെ ശ്യാമള ഹില്‍സിനു സമീപത്താണ് സംഭവം. പാലത്തിലൂടെ പോകുകയായിരുന്ന തെരുവുനായയെ യുവാവ് സ്‌നേഹത്തോടെ പിടികൂടി പുഴയിലേക്ക് എറിയുകയായിരുന്നു.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. ബോട്ട് ക്ലബിനു സമീപത്തുള്ള പാലത്തില്‍ നില്‍ക്കുകയായിരുന്ന യുവാവ് തെരുവുനായയെ കൈയ്യിലേക്കെടുത്തു. ഇയാള്‍ നായയെ കൈയിലെടുക്കുമ്പോള്‍ സമീപത്തായി മറ്റൊരു നായയും നില്‍പുണ്ടായിരുന്നു. പിന്നീട് യാതൊരു പ്രകോപനവുമില്ലാതെ തെരുവു നായയെ ആഴമേറിയ തടാകത്തിലേക്ക് വലിച്ചെറിഞ്ഞു.
യുവാവിന്റെ സുഹൃത്തുക്കളാണ് ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. നായയെ വലിച്ചെറിഞ്ഞ ശേഷം ഇയാള്‍ ക്യാമറയില്‍ നോക്കി ചിരിക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ യുവാവിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
ഇയാള്‍ക്കെതിരെ നടപടിയെടുക്കമമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനകള്‍ പൊലീസില്‍ പരാതി നല്‍കി.പൊലീസ് നടത്തിയ അന്വേഷണത്തില്‍ സല്‍മാന്‍ ഖാന്‍ എന്ന 29കാരനായ യുവാവാണ് കൃത്യം നടത്തിയതെന്ന് തിരിച്ചറിഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
‘മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ വര്‍ധിക്കാന്‍ കാരണം കര്‍ശനമല്ലാത്ത നിയമ വ്യവസ്ഥകളാണ്. മനുഷ്യരെപ്പോലെ തന്നെ അവയ്ക്കും ഇവിടെ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ അവകാശമുണ്ടെന്ന കാര്യം ആരും മറക്കരുത്. നിയമങ്ങള്‍ കര്‍ശനമായെങ്കില്‍ മാത്രമേ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയ്ക്ക് തടയിടാന്‍ സാധിക്കുള്ളൂ.’ എന്ന് സംഭവത്തിനെതിരെ പ്രതിഷേധിച്ച മൃഗസംരക്ഷണ സംഘടനകള്‍ പറയുന്നു.
Discussion about this post