ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. ഹിന്ദു വിവാഹ നിയമപ്രകാരം സ്വവര്‍ഗ വിവാഹം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് സ്വവര്‍ഗ വിവാഹത്തെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തത്. സ്വവര്‍ഗ വിവാഹം നമ്മുടെ സംസ്കാരത്തിലോ നിയമത്തിലോ ഇല്ലാത്തതാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
അതേസമയം ലോകമെമ്പാടും നടക്കുന്ന മാറ്റങ്ങളെ കാണാതിരിക്കാന്‍ കഴിയുമോ എന്ന് ഹര്‍ജി പരിഗണിച്ച് കോടതി ചോദിച്ചു. സ്വവര്‍ഗ വിവാഹം നിഷേധിക്കപ്പെട്ടവരുടെ വിവരങ്ങള്‍ കൂടി ഹര്‍ജിയില്‍ ഉള്‍പ്പെടുത്താന്‍ കോടതി ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു. തുടര്‍ന്ന് ഹര്‍ജി ഒക്ടോബറിലേക്ക് മാറ്റി.
ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലാന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്. അഭിജിത്ത് ഐയ്യര്‍ മിത്ര, ഗോപി ശങ്കര്‍, ഗിതി തടനി, ജി ഉര്‍വശി എന്നിവരാണ് ഹിന്ദു വിവാഹ നിയമപ്രകാരം സ്വവര്‍ഗ വിവാഹം അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന ഐ.പി.സി 377 സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് 2018ല്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ സ്വവര്‍ഗ വിവാഹം നിയമപരമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് വിവിധ വ്യക്തികളും സംഘടനകളുമാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്
Discussion about this post