ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗവ്യാപനം വർധിക്കുന്നതിനിടെ ഫലപ്രദമായി ഇടപെടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണെന്നും അതിനാൽ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ സ്വന്തം ജീവിതം സ്വയം സംരക്ഷിക്കണമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
‘ഇന്ത്യയിലെ കൊവിഡ് കേസുകൾ ഈ ആഴ്ച അമ്പതുലക്ഷം കടക്കും. സജീവ കേസുകൾ പത്തുലക്ഷവും. ഒരു വ്യക്തിയുടെ അഹംഭാവത്തിന്റെ ഫലമായിരുന്നു കൃത്യമായ ആസൂത്രണമില്ലാത്ത ലോക്ഡൗൺ. രാജ്യം മുഴുവൻ കൊവിഡ് 19 പടർന്നുപിടിക്കാൻ കാരണമായത് അതാണ്. മോഡി സർക്കാർ സ്വാശ്രയ ഇന്ത്യ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനർഥം സ്വന്തം ജീവിൻ സ്വയം സംരക്ഷിക്കണം എന്നാണ്. കാരണം പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണ്.’ രാഹുൽ ട്വീറ്റ് ചെയ്തു.
അതേസമയം, കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധത്തെ നിരന്തരം വിമർശിക്കുന്ന രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ രംഗത്തെത്തിയിരുന്നു. ‘രാഹുൽ ദിവസംതോറും ട്വീറ്റ് ചെയ്യുകയാണ്. ഒന്നിനുപിറകേ ഒന്നായി നേതാക്കളെ നഷ്ടപ്പെടുന്നതിനാൽ കോൺഗ്രസ് ട്വീറ്റുകളുടെ പാർട്ടിയായി മാറുന്നതായാണ് തോന്നുന്നത്. നൈരാശ്യത്തിൽ സർക്കാരിനെതിരെ ഏതുവിധേനയുമുളള ആക്രമണം നടത്താനാണ് പാർട്ടി ശ്രമിക്കുന്നത്.’-ജാവദേക്കർ വിമർശിച്ചതിങ്ങനെ.
ഇതിനിടെ, ഇന്ന് രാജ്യത്ത് 92,071 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 48.46 ലക്ഷമായി ഉയർന്നു. കൊവിഡ് ബാധിച്ച് ഇതുവരെ 79,722 പേരാണ് മരിച്ചത്. നിലവിൽ 9.86 ലക്ഷം പേരാണ് ചികിത്സയിലുളളത്.
Discussion about this post