ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ വെച്ച് ഫോട്ടോ എടുക്കുന്നതിന് വിലക്കില്ലെന്ന് വ്യക്തമാക്കി ഡിജിസിഎ. വിമാനത്തിനുള്ളില്‍ വെച്ച് ആരെങ്കിലും ഫോട്ടോ എടുത്താല്‍ സര്‍വീസ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെപ്പിക്കുമെന്ന് വിമാനക്കമ്പനികള്‍ക്ക് ഡിജിസിഎ ശനിയാഴ്ച കര്‍ശന നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഇപ്പോള്‍ ഉത്തരവില്‍ തിരുത്തല്‍ വരുത്തിയിരിക്കുന്നത്.
കര്‍ശന നിയന്ത്രണങ്ങളുള്ള വിമാനത്തിന്റെ ടേക്ക്ഓഫ്, ലാന്‍ഡിങ് എന്നീ വേളയില്‍ ഒഴികെ യാത്രക്കാര്‍ക്ക് തുടര്‍ന്നും ഫോട്ടോ, വീഡിയോ എടുക്കാം. വിമാനത്തിനുള്ളില്‍ ഫോട്ടോ എടുക്കുന്നതിന് യാതൊരു വിലക്കുമില്ല എന്നാണ് ഡിജിസിഎയുടെ വിശദീകരം.
എന്നാല്‍ വിമാനത്തിനുള്ളില്‍ മറ്റ് യാത്രക്കാര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ ഫോട്ടോ എടുക്കുന്നതും വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള റെക്കോര്‍ഡിങ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഇത്തരത്തില്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാമെന്നും ഡിജിസിഎ വ്യക്തമാക്കി. ചണ്ഡീഗഢ്-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് ബോളിവുഡ് താരം കങ്കണയുടെ ഫോട്ടോ എടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചതിനുപിന്നാലെയാണ് വിമാനത്തിനുള്ളിലെ ഫോട്ടോഗ്രഫി വിലക്കി സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ കഴിഞ്ഞ ദിവസം ഡിജിസിഎ നിര്‍ദേശം നല്‍കിയിരുന്നു.
Discussion about this post