ന്യൂഡൽഹി: നമ്മുടെ രാജ്യത്തിന് എന്താണ് സംഭവിക്കുന്നതെന്ന് ചോദ്യം ചെയ്ത് എംപി ശശി തരൂർ. സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള പ്രമുഖർക്കെതിരെ ഡൽഹി കലാപ ഗൂഢാലോചനക്കുറ്റം ചാർത്തിയതറിഞ്ഞ് സ്തബ്ധനായെന്നുെ തരൂർ പ്രതികരിച്ചു. യഥാർത്ഥത്തിൽ അക്രമത്തിന് പ്രേരിപ്പിക്കുകയും കുറ്റകൃത്യങ്ങളിൽ പങ്കെടുക്കുകയും ചെയ്തവരെ വെറുതേവിടുമോയെന്നും ശശി തരൂർ ട്വീറ്റിൽ ചോദിച്ചു.
നമ്മുടെ രാജ്യത്തിന് എന്താണ് സംഭവിക്കുന്നത്. യഥാർഥത്തിൽ അക്രമത്തിന് പ്രേരിപ്പിക്കുകയും കുറ്റകൃത്യങ്ങളിൽ പങ്കെടുക്കുകയും ചെയ്തവരെ വെറുതേവിടുമോ? തരൂർ ട്വീറ്റിൽ ചോദിച്ചു.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പുറമെ പ്രമുഖ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡൽഹി സർവകലാശാല പ്രഫസർ അപൂർവാനന്ദ്, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, ഡോക്യുമെന്ററി നിർമ്മാതാവ് രാഹുൽ റോയ് എന്നിവരും ഡൽഹിയയിലുണ്ടായ കലാപത്തിൽ ഗൂഢാലോചനയുടെ ഭാഗമായി എന്നാണ് ഡൽഹി പോലീസിന്റെ കുറ്റപത്രം.
പൗരത്വ സമരത്തിനിറങ്ങിയ പിഞ്ച്‌റ തോഡ് നേതാക്കളായ ജെഎൻയുവിലെ ദേവാംഗന കലിത, നടാഷ നർവൽ, വടക്കുകിഴക്കൻ ഡൽഹിയിലെ ഗുൽഫിഷ ഫാത്തിമ എന്നിവരെ പ്രതികളാക്കി ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും പ്രതിയാക്കാനുള്ള നീക്കം.