ബംഗളൂരു: മുസ്ലിങ്ങള്‍ക്ക് രണ്ടാം വിവാഹം നിയമപരമാണെങ്കിലും ഇത് ഭാര്യക്കെതിരെയുള്ള ക്രൂരതയാണെന്ന് കര്‍ണാടക ഹൈക്കോടതി. കലബുറഗി ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം പരിഗണിച്ചത്. യൂസഫ് പട്ടേല്‍ പട്ടീല്‍ എന്നയാളുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
ആദ്യ ഭാര്യ നല്കിയ പരാതിയെ തുടര്‍ന്ന് ഇവരുടെ വിവാഹം റദ്ദാക്കിയ കീഴ്ക്കോടതി വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇയാള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, പി കൃഷ്ണഭട്ട് എന്നിവരാണ് കേസില്‍ വിധി പറഞ്ഞത്. മുസ്ലീമിന് രണ്ടാം വിവാഹം നിയമപരമായിരിക്കാം. പക്ഷേ ഇത് ആദ്യഭാര്യയോടുള്ള വലിയ ക്രൂരതയാണ്. വിവാഹമോചനത്തിനുള്ള അവരുടെ ആവശ്യത്തിന് ന്യായമാണെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു. 2014ലാണ് വിജയപുര സ്വദേശിയായ യൂസഫ് പട്ടേല്‍ ശരിയാ നിയമമനുസരിച്ച് രാജംന്‍ബിയെ വിവാഹം കഴിക്കുന്നത്.
എന്നാല്‍, ഏറെക്കഴിയും മുമ്പേ ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. തുടര്‍ന്നാണ് താനുമായുള്ള വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജംന്‍ബി കീഴ്ക്കോടതിയില്‍ എത്തിയത്. തന്നെയും തന്റെ മാതാപിതാക്കളെയും ഭര്‍ത്താവും കുടുംബവും ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കീഴ്ക്കോടതി യുവതിയുടെ ആവശ്യം അംഗീകരിച്ചു.
താന്‍ ആദ്യ ഭാര്യയെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്നും വിവാഹം റദ്ദാക്കിയ കീഴ്ക്കോടതി വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യൂസഫും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാഷ്ട്രീയമായി സ്വാധീനമുള്ള മാതാപിതാക്കളുടെ ഭീഷണിയും നിര്‍ബന്ധവും കാരണമാണ് താന്‍ രണ്ടാം വിവാഹം കഴിച്ചതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.
Discussion about this post