ന്യൂഡല്‍ഹി: പൊട്ടിവീണ വയറില്‍ നിന്നും ഷോക്കടിച്ച് ഹൃദയമിടിപ്പും ചലനവും നിലച്ച 16കാരന് 36 മണിക്കൂറുകള്‍ക്ക് ശേഷം പുനര്ജന്മം. ഡല്‍ഹിയിലാണ് സംഭവം. ഷോക്കേറ്റ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് മാത്രമാണ് കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് തന്റെ ഷോപ്പിലേക്ക് പൊട്ടിവീണ വയറില്‍ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. വൈദ്യുതാഘാതമേറ്റതോടെ കുട്ടിയുടെ ചലനം നിലക്കുകയും ഹൃദയമിടിപ്പ് പൂര്‍ണ്ണമായി നിലക്കുകയുമായിരുന്നു. ഉടന്‍ തന്നെ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് കുട്ടിയെ ഷോക്കില്‍ നിന്ന് രക്ഷിച്ചത്. 10 മിനിറ്റിനുള്ളില്‍ കുട്ടിയെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി മരിച്ചെന്ന് കരുതിയാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു.
ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ ഹൃദയമിടിപ്പ് നിലക്കുകയും പള്‍സ് വളരെ താഴുകയും ചെയ്തിരുന്നു. എന്നാല്‍, നിര്‍ണായകമായ ആദ്യ മണിക്കൂറില്‍ അത്യാഹിത വിഭാഗത്തിലെ ഡോ. പ്രിയദര്‍ശിനിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘം കുട്ടിക്ക് ചികിത്സ നല്‍കിയതോടെ 16കാരന് ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. 36 മണിക്കൂറിന് ശേഷമാണ് കുട്ടി കണ്ണ് തുറന്നത്.
Discussion about this post