ന്യൂഡല്‍ഹി: വിമാനക്കമ്പനികള്‍ക്ക് കര്‍ശന വിലക്കുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). വിമാനത്തിനുള്ളില്‍ ഫോട്ടോ എടുക്കുന്നതിനാണ് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്കു ലംഘിക്കപ്പെട്ടാല്‍ വിമാനക്കമ്പനിക്കെതിരെ നടപടിയുണ്ടാകുമെന്ന് ഇവര്‍ അറിയിപ്പ് നല്കുന്നു. ഇതിനു പുറമെ, തൊട്ടടുത്ത ദിവസം മുതല്‍ രണ്ടാഴ്ചത്തേക്ക് ആ സര്‍വീസ് റദ്ദാക്കുമെന്നും നിയമം ലംഘിച്ചവര്‍ക്കെതിരെ വിമാനക്കമ്പനി കര്‍ശന നടപടിയെടുത്തു എന്നുറപ്പായ ശേഷം മാത്രമേ സര്‍വീസ് തുടരാന്‍ അനുമതി നല്‍കൂ എന്നും ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ പ്രത്യേകം മുന്നറിയിപ്പ് നല്കുന്നു.
നടി കങ്കണ റനൗട്ടിന്റെ ചണ്ഡിഗഡ് മുംബൈ യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രഫര്‍മാരും വിമാനത്തിനുള്ളില്‍ കയറി നടിയുടെ ചിത്രം പകര്‍ത്തിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള ഈ പ്രവര്‍ത്തിയുടെ അടിസ്ഥാനത്തിലാണ് നിലപാട് കര്‍ശനമാക്കിയിരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ജോയിന്റ് ഡയറക്ടര്‍ ജനറല്‍, ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എന്നിവരുടെ രേഖാമൂലമുള്ള അനുമതിയുണ്ടെങ്കില്‍ മാത്രമേ വിമാനത്തിനുള്ളില്‍ ഇനി ചിത്രമെടുക്കാന്‍ കഴിയൂ.
ഇത് ലംഘിക്കപ്പെടാതിരിക്കാന്‍ വിമാനക്കമ്പനികള്‍ ജാഗ്രത പുലര്‍ത്തണം. ആരെങ്കിലും ലംഘിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയെടുക്കുകയും വേണമെന്നും അധികൃതര്‍ അറിയിക്കുന്നു. വീഴ്ച വരുത്തിയാല്‍ ശിക്ഷണനടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.
Discussion about this post