ജയ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലേയ്ക്ക് തിരിച്ചുവരുമെന്ന് ഡോ. കഫീല്‍ ഖാന്. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കഫീല്‍ ഖാന്റെ പ്രതികരണം. പേടിച്ചോടുകയോ നട്ടെല്ലുവളയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ജയ്പൂരില്‍ നിന്നും എപ്പോള്‍ മടങ്ങണമെന്ന് താന്‍ തീരുമാനിച്ചിട്ടില്ലെന്നും എങ്കിലും മടക്കം വൈകില്ലെന്നും കഫീല്‍ ഖാന് കൂട്ടിച്ചേര്‍ത്തു.
കഫീല്‍ ഖാന്റെ വാക്കുകള്‍;
ഇളയ മകന് എട്ടു മാസം പ്രായമുള്ളപ്പോഴാണ് ഞാന്‍ ജയിലില്‍ അടയ്ക്കപ്പെട്ടത്. തിരികെ വന്നപ്പോള്‍ അവനെന്നെ തിരിച്ചറിയുന്നില്ലായിരുന്നു. കുട്ടികളുടെ ഡോക്ടറായ എനിക്ക് എന്റെ കുട്ടികള്‍ വളരുന്നതു കാണാന്‍ സാധിക്കാത്തതില്‍ വലിയ വിഷമമുണ്ട്. കുറച്ചു ദിവസം കുടുംബത്തോടൊപ്പം കഴിയാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍, തുടങ്ങിവച്ച സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടരുകതന്നെ ചെയ്യും.
ഞാന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നോ കോണ്‍ഗ്രസില്‍ അംഗമായോ എന്നൊക്കെയുള്ള സംശയങ്ങള്‍ ചിലര്‍ക്കുണ്ട്. എനിക്ക് ഏറ്റവും ആവശ്യമായിരുന്ന സമയത്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സഹായവുമായി എത്തുകയായിരുന്നു. മഥുരയില്‍നിന്ന് 600 കിലോമീറ്ററിലേറെ സഞ്ചരിച്ചു ഗോരഖ്പുരിലേക്കു മടങ്ങുന്ന കാര്യത്തില്‍ എന്റെ കുടുംബാംഗങ്ങള്‍ക്ക് ഉള്‍പ്പെടെ ആശങ്കകളുണ്ടായിരുന്നു. അവരുമായി സംസാരിച്ച പ്രിയങ്ക ഗാന്ധിയാണു രാജസ്ഥാനിലേക്കു പോകാമെന്നു പറഞ്ഞതും സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയതും. പക്ഷേ, രാഷ്ട്രീയത്തില്‍ ചേരുന്നതിനെക്കുറിച്ചു ഞാന്‍ ചിന്തിച്ചിട്ടില്ല. ഞാനൊരു ഡോക്ടറാണ്. ആ നിലയില്‍ത്തന്നെ സാമൂഹിക സേവനം തുടരും.
തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ടു വീണ്ടും മുഖ്യമന്ത്രിക്കു കത്തയയ്ക്കും. കേസുകളില്‍ കഴമ്പില്ലെന്നു കോടതി വ്യക്തമാക്കിയ സ്ഥിതിക്കു ജോലിയില്‍ പ്രവേശിക്കാന്‍ തടസ്സമില്ലെന്നാണു നിയമോപദേശം. എനിക്കെന്റെ ജോലി തുടരണം. വീണ്ടും അറസ്റ്റു ചെയ്യപ്പെടുമെന്ന് സംശയമുണ്ടെന്നും അലഹാബാദ് ഹൈക്കോടതി വിട്ടയച്ചുകൊണ്ട് ഉത്തരവു പുറപ്പെടുവിച്ചിട്ടും അവര്‍ എന്നെ വിട്ടയക്കാന്‍ തയ്യാറായിരുന്നില്ല. എന്റെ കുടുംബം കോടതിയലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ടു പോയപ്പോള്‍ മാത്രമാണ് വിട്ടയയ്ക്കാന് തയാറായത്.
Discussion about this post