കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊവിഡ് രോഗ വ്യാപനം രൂക്ഷമായി നില്‍ക്കേ വ്യാജ പ്രചരണവുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍. ബംഗാള്‍ കൊവിഡ് മുക്തമായെന്നും ബിജെപി യോഗങ്ങളും റാലികളും നടത്താതിരിക്കാനാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ് പറഞ്ഞു. ഹൂഗ്ലിയില്‍ വച്ചു നടന്ന റാലിയിലായിരുന്നു ദിലിപ് ഘോഷിന്റെ വ്യാജ ആരോപണം.
‘സംസ്ഥാനം കൊവിഡ് മുക്തമായി. എന്നാല്‍ യോഗങ്ങളും റാലികളും സംഘടിപ്പിക്കാന്‍ ബിജെപിക്ക് കഴിയാത്തവിധം മമതാ ബാനര്‍ജി ലോക്ക്ഡൗണുകള്‍ നടപ്പാക്കുകയാണ്. പക്ഷെ ഞങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല’-ദിലീപ് ഘോഷ് പറഞ്ഞു.
റാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ആരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ ആവശ്യപ്പെടുന്ന അദ്ദേഹത്തിന്റെ വ്യാജ പരസ്യ പ്രസ്താവന.
അതേസമയം പശ്ചിമ ബംഗാളില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തോടടുത്തു. മരണ സംഖ്യ 3,700 ആയി ഉയര്‍ന്നു. ദിനംപ്രതി 3000 ത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 23377 രോഗികളാണ് നിലവില്‍ ബംഗാളില്‍ ചികിത്സയിലുള്ളത്.