കൊവിഡിനെ കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചു; 108 സോഷ്യൽമീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് പോലീസ്

ചണ്ഡിഗഢ്: രാജ്യം തന്നെ കൊവിഡ് ഭീതിയിൽ കഴിയവെ കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ച 108 സോഷ്യൽമീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്‌തെന്ന് പഞ്ചാബ് പോലീസ്. 38 ഫേസ്ബുക്ക് അക്കൗണ്ടുകളും 49 ട്വിറ്റർ അക്കൗണ്ടുകളും 21 യൂട്യൂബ് അക്കൗണ്ടുകളും ഉൾപ്പടെയുള്ളവയാണ് ബ്ലോക്ക് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഫേസ്ബുക്കിലെ 151 അക്കൗണ്ടുകൾ, 100 ട്വിറ്റർ അക്കൗണ്ടുകൾ, 4 ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും 37 യൂട്യൂബ് അക്കൗണ്ടുകളും ബന്ധപ്പെട്ട അധികൃതർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

പഞ്ചാബിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഈ വിഷയവുമായി ബന്ധപ്പെട്ട് 121 എഫ് ഐആറുകളാണ് ഇതുവരെ തയ്യാറാക്കിയിരിക്കുന്നത്. ദേശവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ ഉള്ളടക്കങ്ങൾ കണ്ടെത്തിയ 108 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതായും ഇത്തരത്തിലുള്ള മറ്റ് അക്കൗണ്ടുകളെക്കുറിച്ച് തുടർ നടപടികൾക്കായി കാത്തിരിക്കുകയാണെന്നും ഡിജിപി ദിൻകർ ഗുപ്ത പറഞ്ഞു.

ഉപയോക്താക്കളുടെ വിവരങ്ങൾ നൽകാൻ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവര സാങ്കേതിക നിയമ പ്രകാരവും ഇന്ത്യൻ പീനൽ കോഡ് പ്രകാരവും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കൊവിഡിനെ സംബന്ധിച്ച് സ്ഥിരീകരിക്കാത്ത വാർത്തകളോ വീഡിയോകളോ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടതായി ഡയറക്ടർ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അർപിത് ശുക്ല പറഞ്ഞു.

കൊവിഡിനെ സംബന്ധിച്ച് വ്യാജവാർത്തകൾ വ്യാപിക്കുന്ന വിവരം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗാണ് നടപടിക്ക് ഉത്തരവിട്ടത്.’ കൊവിഡ് 19 മറവിൽ അവയവ വ്യാപാരം’ എന്നൊക്കെ വ്യാജ വാർത്തയും വീഡിയോയും പ്രചരിപ്പിക്കുന്നത് സർക്കാരിനെയും ആരോഗ്യപ്രവർത്തകരെയും നിരുത്സാഹപ്പെടുത്തുകയും ജനങ്ങളെ കൊവിഡ് ചികിത്സയിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version