ലഖ്നൗ: അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ആറ് ലക്ഷത്തോളം രൂപ തട്ടിപ്പ് സംഘം കൈക്കലാക്കിയെന്ന് കണ്ടെത്തി. ഇതിനായി വ്യാജ ചെക്കുകളാണ് തട്ടിപ്പ് സംഘം ഉപയോഗിച്ചതെന്നും പോലീസ് അറിയിച്ചു. രാമക്ഷേത്ര നിർമ്മാണത്തിനായി ഫണ്ട് സ്വരൂപിക്കുന്നതിനായുള്ള അക്കൗണ്ടിൽ നിന്നാണ് തട്ടിപ്പ് നടത്തിയത്.
വ്യാജ ചെക്കും വ്യാജ ഒപ്പും ഉപയോഗിച്ച് സെപ്തംബർ ഒന്ന്, എട്ട് തിയതികളിലായി യഥാക്രമം 2.5 ലക്ഷം, 3.5 ലക്ഷം രൂപ വീതമാണ് പിൻവലിച്ചതെന്ന് അയോധ്യ ഡിഎസ്പി രാജേഷ് കുമാർ അറിയിച്ചു. ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി നൽകിയ പരാതിയിൽ പോലീസ് അജ്ഞാതരായ സംഘത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ചെക്കുകളുടെ സീരിയൽ നമ്പറുകൾ പരിശോധിക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയതോടെ ബാങ്ക് ജീവനക്കാരും സംശയത്തിന്റെ നിഴലിലാണ്. ജീവനക്കാരുടെ അശ്രദ്ധയും പങ്കാളിത്തവും കേസിലുണ്ടോ എന്നത് സംബന്ധിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
ട്രസ്റ്റ് ജനറൽ സെക്രട്ടറിയുടേയും മറ്റൊരു ട്രസ്റ്റ് അംഗത്തിന്റേയും വ്യാജ ഒപ്പുകളാണ് ചെക്കുകളിലുണ്ടായിരുന്നത്. 9.86 ലക്ഷം രൂപയുടെ മറ്റൊരു വ്യാജ ചെക്ക് കൂടി ബുധനാഴ്ച എത്തിയതോടെ ബാങ്കിൽ നിന്ന് ചമ്പത് റായിക്ക് വെരിഫിക്കേഷൻ കോൾ ലഭിച്ചു. ഇതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
Discussion about this post