ന്യൂഡൽഹി: കൊറോണ കാലം സാമ്പത്തിക രംഗത്തെ പിന്നോട്ടടിക്കുന്നതിനിടെ ബാങ്ക് വായ്പകൾക്ക് അനുവദിച്ച മോറട്ടോറിയത്തിൽ നിർണായക തീരുമാനവുമായി സുപ്രീംകോടതി. ബാങ്ക് വായ്പകളുടെ തിരിച്ചടവ് സമയം സുപ്രീം കോടതി നീട്ടി. ഈ മാസം 28ാം തീയതിവരെ ഒരു വായ്പകളും കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് ബാങ്കുകൾക്ക് നിർദേശം നൽകി. ഈ കാലയളവിലെ തിരിച്ചടവ് ഗഡുക്കൾ മുടങ്ങുന്നതിനെതിരെ യാതൊരു നടപടികളും പാടില്ലെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
നേരത്തെ, കേന്ദ്രസർക്കാരും ബാങ്കുകളുമായുള്ള ധാരണ പ്രകാരം മോറട്ടോറിയം കാലാവധി ആഗസ്റ്റ് മാസം 31ാം തീയതി അവസാനിച്ചിരുന്നു. ഇതാണ് കോടതി ഇടപെട്ട് നീട്ടിയിരിക്കുന്നത്. മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച മോറട്ടോറിയം പിന്നീട് വായ്പാ തിരിച്ചടവ് കാലാവധി ആറ് മാസമാക്കി സുപ്രീംകോടതി നീട്ടിയിരുന്നു. എന്നാൽ മോറട്ടോറിയം പ്രഖ്യാപിച്ച കാലയളവിൽ പലിശ ഈടാക്കുന്നത് തുടരുമെന്നാണ് ബാങ്കുകൾ തീരുമാനമെടുത്തത്.
അതുകൊണ്ട് തന്നെ തിരിച്ചടവ് കാലത്തെ പലിശ ഈടാക്കാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. കേന്ദ്രം റിസർവ് ബാങ്കിന് പിന്നിൽ ഒളിക്കരുതെന്നും നിലപാട് വ്യക്തമാക്കണമെന്നും സുപ്രീംകോടതി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ സുപ്രീം കോടതി കേന്ദ്രത്തിനും റിസർവ് ബാങ്കിനും സുപ്രീംകോടതി നിർദേശം നൽകിയിരിക്കുന്നത്.