ന്യൂഡല്‍ഹി: അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെയുള്ള 2009ലെ കോടതിയലക്ഷ്യക്കേസ് ഒക്ടോബര്‍ 12ന് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കോടതിയലക്ഷ്യ കേസ് പരിഗണിച്ചത്. കേസില്‍ അമിക്കസ് ക്യൂറിയാകണമെന്ന് അഭ്യര്‍ത്ഥിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചു.
ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയെയും മുന്‍ ചീഫ് ജസ്റ്റിസുമാരെയും വിമര്‍ശിച്ചുവെന്നാണ് പ്രശാന്ത് ഭൂഷണെതിരെയുള്ള കുറ്റം.
2009ല്‍ തെഹല്‍ക മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രസ്താവന. മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ ചിലര്‍ അഴിമതിക്കാരാണെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്.
നേരത്തെ മറ്റൊരു കോടതി അലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷണ് കോടതി പിഴ വിധിച്ചിരുന്നു. ഒരു രൂപയാണ് പിഴ വിധിച്ചത്. സെപ്തംബര്‍ 15നകം പിഴത്തുക അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് പ്രാക്ടീസില്‍ നിന്ന് വിലക്കുകയും ചെയ്യുമെന്നായിരുന്നു വിധി. ഇത് അനുസരിച്ച് ഒരു രൂപ പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ അറിയിച്ചിരുന്നു. എന്നാല്‍ നിയമപോരാട്ടം തുടരുമെന്നും പ്രശാന്ത് ഭൂഷണ്‍ അറിയിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഒരു ആഡംബര ബൈക്കില്‍ ഇരിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത്, ‘കോടതിക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് കൊവിഡ് കാലത്ത് ഒരു ബിജെപി നേതാവിന്റെ 50 ലക്ഷം രൂപ വിലയുള്ള ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ മാസ്‌കും ഹെല്‍മറ്റും ഇല്ലാതെ ചീഫ് ജസ്റ്റിസ് ഇരിക്കുന്നു’ എന്ന പരാമര്‍ശം നടത്തിയതിനാണ് പ്രശാന്ത് ഭൂഷണിനെതതിരെ സുപ്രീംകോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തത്.
Discussion about this post