കൊവിഡ് വ്യാപനം തലയ്ക്ക് മീതെ, മാസ്‌കും അകലവും ഇല്ലാതെ ബിജെപിയുടെ കലശ് യാത്ര; പങ്കെടുത്തത് 1000ത്തിലധികം സ്ത്രീകള്‍, വലിയ ആശങ്ക

ഇന്‍ഡോര്‍: കൊവിഡ് വ്യാപനം തലയ്ക്ക് മീതെ നില്‍ക്കുമ്പോള്‍ മാസ്‌കും സാമൂഹിക അകലവും ഇല്ലാതെ ബിജെപിയുടെ നേതൃത്വത്തില്‍ കലശ് യാത്ര. ആയിരക്കണക്കിന് സ്ത്രീകളാണ് യാത്രയില്‍ പങ്കെടുത്തത്. ഇത് രാജ്യത്ത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

സംസ്ഥാനമന്ത്രി തുള്‍സി സിലാവതിന്റെ അനുയായികളായ ബിജെപി പ്രവര്‍ത്തകരാണ് ചടങ്ങിന്റെ മുഖ്യ സംഘാടകന്‍. മാസ്‌ക് പോലുമില്ലാതെ വനിതകള്‍ കൂട്ടമായി തലയില്‍ കലശവുമായി പോകുന്നതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. ഇതോടെ, സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.

കൊവിഡ് മാര്‍ഗരേഖാ ലംഘനത്തിന് സംഘാടകര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിനു പുറമെ, കലശ് യാത്രയോട് അനുബന്ധിച്ച് പങ്കെടുക്കുന്നവര്‍ക്ക് സാരി വിതരണവും സംഘടിപ്പിച്ചിരുന്നു. സ്ത്രീകള്‍ കൂട്ടത്തോടെ എത്താന്‍ കാരണം ഇതാണെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version