പ്രശസ്ത ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിന് ശ്വാസകോശം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയേക്കും. കൊവിഡ് വൈറല്‍ ന്യുമോണിയ എസ്പിബിയുടെ ശ്വാസകോശത്തെ സാരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലസുബ്രഹ്മണ്യത്തിന് ശ്വാസകോശം മാറ്റിവെച്ചേയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
ചികില്‍സ നല്കുന്ന എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ആഴ്ചകള്‍ക്കു മുന്‍പ് കൊവിഡ് രോഗിയില്‍ വിജയകരമായി ഇതേ ശസ്ത്രക്രിയ നടത്തിയിരുന്നു. എസ്പിബിയുടെ കുടുംബം തമിഴ്നാട് ആരോഗ്യവകുപ്പിനു കീഴിലെ അവയവമാറ്റ ശസ്ത്രക്രിയാ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ ആശുപത്രിയോ കുടുംബാംഗങ്ങളോ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
നിലവില്‍ കൊവിഡ് നെഗറ്റീവായ എസ്പിബിക്ക് എക്മോ ചികിത്സയാണ് ഇപ്പോള്‍ നല്‍കിവരുന്നത്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം യന്ത്രസഹായത്തോടെ ചെയ്യുന്ന ചികില്‍സയാണിത്. സാധാരണനിലയില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ആകുന്നത് വരെ വെന്റിലേറ്റര്‍ സഹായം തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു.
Discussion about this post