ന്യൂഡൽഹി: കൊവിഡ് 19 രോഗത്തിന് വാക്‌സിൻ കണ്ടുപിടിക്കുകയല്ലാതെ ഫലപ്രദമായ ചികിത്സാമാർഗങ്ങളില്ലെന്ന് ഓർമ്മിപ്പിച്ച് ഐസിഎംആർ. പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡ് മരണനിരക്ക് കുറയ്ക്കാൻ കഴിയില്ലെന്ന പഠന റിപ്പോർട്ട് ഐസിഎംആർ പുറത്തുവിട്ടു. രാജ്യത്തെ 39 ആശുപത്രികളിൽ വിദഗ്ദർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വെളിപ്പെടുത്തലെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ 22 മുതൽ ജൂലൈ പതിന്നാല് വരെ വിവിധ മേഖലകൾ തിരിച്ച് നടത്തിയ പഠനത്തിലാണ് മരണനിരക്ക് കുറയ്ക്കുന്നതിൽ പ്ലാസ്മ തെറാപ്പി പൂർണ്ണമായി ഫലപ്രദമല്ലെന്ന കണ്ടെത്തൽ. പഠനത്തിന്റെ ഭാഗമായി 1210 രോഗികളെ 39 ട്രയൽ സെറ്റുകളിലായി പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 29 പേരേ സർക്കാർ ആശുപത്രികളിലും പത്ത് പേരേ സ്വകാര്യ ആശുപത്രികളിലുമായാണ് പ്രവേശിപ്പിച്ചത്. രാജ്യത്തെ 14 സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശങ്ങളിലെ 25 നഗരത്തിലെ രോഗികളെയും ഈ പഠനത്തിലുൾപ്പെടുത്തിയിരുന്നു. ഈ പഠനത്തിന്റെ ഭാഗമായി കൊറോണ വൈറസ് മരണനിരക്ക് പൂർണ്ണമായി കുറയ്ക്കാൻ പ്ലാസ്മ ചികിത്സയിലൂടെ സാധിക്കില്ലെന്ന് വിദഗ്ധർ നിരീക്ഷിക്കുകയായിരുന്നു.
അതേസമയം കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്‌സിനായ സ്പുട്‌നിക് V ന്റെ ആദ്യ ബാച്ച് പുറത്തിറങ്ങിയിട്ടുണ്ട്. എല്ലാ ജനങ്ങളിലേക്കും എത്തുന്ന രീതിയിൽ വാക്‌സിന്റെ പ്രാദേശിക വിൽപ്പന ഉടൻ തന്നെയുണ്ടാകുമെന്ന് റഷ്യൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പരീക്ഷണത്തിൽ ഏറെ മുന്നിലെത്തിയ ഓക്‌സിഫോർഡ് വികസിപ്പിക്കുന്ന വാക്‌സിപ്പിക്കുന്ന വാക്‌സിന്റെ നിർമ്മാണവും പരീക്ഷണവും താത്കാലികമായി നിർത്തിവെച്ചു. വാക്‌സിൻ പരീക്ഷണത്തിനായി കുത്തിവെച്ച വ്യക്തിക്ക് അജ്ഞാത രോഗം പിടിപെട്ടതിനെ തുടർന്നാണ് നടപടി.
Discussion about this post