ചെന്നൈ: കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ വഴിയാക്കിയിരിക്കുകയാണ്. സ്മാര്‍ട്ട്‌ഫോണുകളുടെയും ടെലിവിഷന്റെയും സഹായത്തോടെയാണ് അധ്യാപകര്‍ പഠിപ്പിക്കുന്നത്.
എന്നാല്‍ ഇപ്പോഴും രാജ്യത്ത് ടിവിയും ഫോണും ഇല്ലാത്ത വിദ്യാര്‍ത്ഥികളുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഇതുകാരണം അവര്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം അന്യമാവുകയാണ്. നിര്‍ധനരായ തന്റെ പ്രിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നല്‍കി മാതൃകയായിരിക്കുകയാണ് ഒരു അധ്യാപിക.
തമിഴ്‌നാട്ടിലെ എലമ്പലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കണക്ക് അധ്യാപികയായ കെ ഭൈരവിയാണ് മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കുന്നത്. 16 കുട്ടികള്‍ക്കാണ് ഭൈരവി സ്മാര്‍ട്ട്‌ഫോണുകളും സിമ്മും വാങ്ങി നല്‍കിയത്. കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം കണക്കിലെടുത്താണ് ഈ അധ്യാപിക ഫോണുകള്‍ സമ്മാനിച്ചത്.
‘ഓണ്‍ലൈന്‍ പഠനത്തെ പറ്റി വിശദീകരിക്കുന്നതിന് വിവിധ ഗ്രാമങ്ങളിലുള്ള കുട്ടികളുടെ വീട്ടില്‍ പോയി. എന്നാല്‍, ഭൂരിഭാഗം കുട്ടികളും വീടുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദാരിദ്ര്യത്തില്‍ കഴിയുന്നവരായിരുന്നു. ഇതെന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു.
ലോക്ക്ഡൗണ്‍ കാരണം, കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഞാന്‍ എന്റെ വിദ്യാര്‍ത്ഥികളെ വാട്ട്‌സ്ആപ്പ് വഴിയാണ് പഠിപ്പിക്കുന്നത്. എന്നാല്‍ അവരില്‍ ചിലര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഇല്ല, റീചാര്‍ജ് ചെയ്യാന്‍ പണവുമില്ല. ഇതിനാലാണ് ഞാന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങി നല്‍കാന്‍ തീരുമാനിച്ചത്. എന്റെ മകളാണ് ഈ ആശയം നല്‍കിയത്’, ഭൈരവി പറയുന്നു.
16 വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ വിതരണം ചെയ്ത ഭൈരവി, സ്‌കൂള്‍ വീണ്ടും തുറക്കുന്നതുവരെ സ്മാര്‍ട്ട്‌ഫോണുകള്‍ റീചാര്‍ജ് ചെയ്യുന്നത് തുടരുമെന്ന് ഉറപ്പ് നല്‍കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ അഞ്ച് മാസമായി തമിഴ്‌നാട്ടിലെ എല്ലാ സ്‌കൂളുകളും അടഞ്ഞ് കിടക്കുകയാണ്.
Discussion about this post