ചെന്നൈ: സ്വന്തമായി വരുത്തി വെച്ച കടം തീർക്കാൻ അച്ഛന്റെ ജ്വല്ലറിയിൽനിന്ന് 14 കിലോ സ്വർണം കവർന്ന മകനെ പോലീസ് പിടികൂടി. ഓൺലൈൻ ഇടപാടുകളിലുണ്ടായ നഷ്ടം നികത്താനായി ചെന്നൈ പാരീസ് കോർണറിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിൽനിന്നാണ് ഉടമയുടെ മകൻ മോഷണം നടത്തിയത്. രണ്ടാഴ്ച മുമ്പാണ് സ്വർണ്ണം മോഷണം പോയത്, തുടർന്ന് ജ്വല്ലറി ഉടമ സുബാഷ് ചന്ദ്ര ബോദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം നടത്തുകയായിരുന്നു.
ഒടുവിൽ ജ്വല്ലറി ഉടമയുടെ മകൻ ഹർഷ ബോദ്ര തന്നെയാണ് മോഷ്ടാവെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഓൺലൈൻ വ്യാപാരത്തിൽ തനിക്കുണ്ടായ ഒന്നരക്കോടിയോളം രൂപയുടെ നഷ്ടം നികത്താനാണ് കവർച്ച നടത്തിയതെന്ന് ഇയാൾ മൊഴി നൽകിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് ജ്വല്ലറി ജീവനക്കാർ അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളാണ് കള്ളനെ കുരുക്കിയത്. ഒരു ബാഗുമായി സംശയകരമായ രീതിയിൽ ഹർഷ ജ്വല്ലറിയിൽ പ്രവേശിക്കുന്ന ദൃശ്യങ്ങളാണ് അന്വേഷണത്തിൽ തുമ്പായത്. വ്യപാരത്തിലെ നഷ്ടം നികത്തി പണം ലഭിച്ചാൽ ഉടൻ സ്വർണം തിരികെ നൽകാനായിരുന്നു തന്റെ തീരുമാനമെന്ന് ഹർഷ മൊഴി നൽകി. 11.5 കിലോ സ്വർണം ഇയാളിൽനിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
Discussion about this post