മുംബൈ: ബോളിവുഡ് നടി കങ്കണ റാവത്തിനെതിരെ രോഷം കത്തിക്കയറുകയാണ്. ഇപ്പോള്‍ താരത്തിന്റെ കെട്ടിടം പൊളിച്ച് മാറ്റുമെന്ന് മുംബൈ കോര്‍പ്പറേഷന്റെ നോട്ടീസ്. നിയമവിരുദ്ധമായി കെട്ടിടം നിര്‍മ്മിച്ചുവെന്ന് ആരോപിച്ചാണ് കോര്പ്പറേഷന് നോട്ടീസ് അയച്ചിരിക്കുന്നത്.
24 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ കെട്ടിടം പൊളിച്ചുമാറ്റുമെന്ന് കോര്പ്പറേഷന് മുന്നറിയിപ്പ് നല്കി. എന്നാല്‍ ഇത് രാഷ്ട്രീയവൈരാഗ്യം തീര്‍ക്കലാണെന്ന് കങ്കണയും പ്രതികരിച്ചു. ഘാര്‍ വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടത്തില്‍ അനുമതിയില്ലാതെ നിരവധി മാറ്റങ്ങള്‍ വരുത്തിയെന്ന് നോട്ടീസില്‍ പറയുന്നുണ്ട്.
ശൗചാലയത്തിന്റെ സ്ഥാനം മാറ്റിയതും പുതിയതായി നിര്‍മിച്ചതുമടക്കം ഒരു ഡസനോളം കൂട്ടിച്ചേര്‍ക്കലുകള്‍ നോട്ടീസില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ അനുമതി ലഭിച്ചിരുന്നോ എന്ന് 24 മണിക്കൂറിനകം വ്യക്തമാക്കണമെന്നാണ് കോര്പ്പറേഷന് ആവശ്യപ്പെട്ടിരിക്കുന്നത്.
സുശാന്ത് സിങ്ങിന്റെ മരണത്തെത്തുടര്‍ന്ന് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ ഇടഞ്ഞത്. മുംബൈയില്‍ ജീവിക്കുന്നത് സുരക്ഷിതമല്ലെന്നും പാക് അധിനിവേശ കശ്മീര്‍ പോലെയാണ് മുംബൈ എന്നും കങ്കണ പറഞ്ഞിരുന്നു. പിന്നാലെ താരത്തിനെതിരെ നിരവധി ഭീഷണികളും ഉയര്‍ന്നിരുന്നു.
Discussion about this post