ബംഗളൂരു: കന്നഡ സിനിമാ ലോകത്തെ പിടിച്ചുകുലുക്കികൊണ്ട് ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് നടി സഞ്ജന ഗൽറാണിയെ അറസ്റ്റ് ചെയ്തു. കന്നഡ സിനിമാ നടിയായ സഞ്ജനയെ സെൻട്രൽ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ഇന്ദിരാ നഗറിലെ ഇവരുടെ വീട്ടിൽ നടന്ന റെയ്ഡിനൊടുവിലായിരുന്നു അറസ്റ്റ്. കർണാടകയിൽ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് മലയാളിയായ നിയാസ് മുഹമ്മദ് അടക്കം ആറു പേരെയാണ് ഇതുവരെ കേസിൽ അറസ്റ്റ് ചെയ്തത്.
സഞ്ജന ഗൽറാണിയും നിയാസും അടുത്ത സുഹൃത്തുക്കളെന്നു സിസിബി വൃത്തങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇവരെ സിസിബി ഓഫീസിലേക്ക് കൊണ്ടുപോയി. കോടതിയിൽ നിന്ന് സെർച്ച് വാറണ്ട് ലഭിച്ച ശേഷം ഇവരുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നതായി ബംഗളൂരു പോലീസ് ജോ. കമ്മീഷണർ സന്ദീപ് പാട്ടിൽ അറിയിച്ചു.
സഞ്ജന ഗൽറാണിയെ നേരത്തെ ചോദ്യം ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും ബംഗളൂരുവിലില്ല എന്നാണ് അറിയിച്ചിരുന്നത്. ഇന്ന് താരം ബംഗളൂരുവിലുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് അവരുടെ വസതിയിൽ പരിശോധന നടത്തുന്നത്. മൂന്നാം പ്രതിയായ വിരൺ ഖന്നയുടെ വീട്ടിലും സിസിബിയുടെ പരിശോധന നടത്തിയിരുന്നു.
ബംഗളൂരുവിൽ ജനിച്ചുവളർന്ന സഞ്ജന ഒരു കാതൽ സെയ്വീർ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. 1983, വെള്ളിമൂങ്ങ തുടങ്ങി നിരവധി മലയാള സിനിമകളിൽ വേഷമിട്ട പ്രമുഖ തെന്നിന്ത്യൻ താരം നിക്കി ഗൽറാണിയുടെ സഹോദരിയാണ് സഞ്ജന.
Discussion about this post