ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. മരണസംഖ്യയും ദിനംപ്രതി ഉയരുന്നു. ഈ സാഹചര്യത്തില്‍ റഷ്യയുടെ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്ന കാര്യം ഇന്ത്യ സജീവമായി പരിഗണിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ ആഴ്ച മോസ്‌കോ സന്ദര്‍ശിക്കാനിരിക്കുന്ന വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ കോവിഡ് വാക്‌സിനായ സ്പുട്‌നിക് വി ഉപയോഗിക്കുന്ന കാര്യം റഷ്യയുമായി ചര്‍ച്ചചെയ്‌തേക്കുമെന്നും പറയുന്നു. വാക്‌സീന്റെ ഭാവി ടെസ്റ്റിങ്ങിലടക്കം ഇന്ത്യയും റഷ്യയും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതും ഒരു സാധ്യതയാണ്.
ഇന്ത്യയിലെ റഷ്യന്‍ സ്ഥാനപതി നിക്കൊളെയ് കുഡഷേവ് പറയുന്നത് വാക്‌സീന്റെ കാര്യത്തില്‍ മോസ്‌കോ ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞുവെന്നാണ്. ഇരു രാജ്യങ്ങളും ഒരുമിച്ച് സ്പുട്‌നിക് വി വാക്‌സീന് വികസിപ്പിക്കുകയും, നിര്‍മിച്ചെടുക്കുകയും എത്തിച്ചുകൊടുക്കകുകയും ചെയ്യാമെന്ന ആശയമാണ് റഷ്യ മുന്നോട്ടുവയ്ക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്ട്ടു ചെയ്യുന്നത്.
ലോകത്തെ ആദ്യത്തെ കോവിഡ് വാക്‌സീന്‍ സ്പുട്‌നിക് വി യാണ്. ലാന്‍സെറ്റ് പഠനം പറയുന്നത് വാക്‌സീന്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്നാണ്. കഴിഞ്ഞ മാസമാണ് സ്പുട്‌നിക് വി ക്ക് റഷ്യയില്‍ അംഗീകാരം ലഭിക്കുന്നത്. കുറച്ചു പേരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഇത് ആന്റിബോഡി ഉണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.
വാക്‌സീന്‍ വികസിപ്പിക്കലടക്കമുള്ള കാര്യങ്ങളുടെ പ്രാഥമിക നീക്കങ്ങളില്‍ എങ്ങനെയാണ് ഇരു രാജ്യങ്ങള്‍ക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാനാകുക എന്ന വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം റഷ്യ ഇന്ത്യയുമായി പങ്കുവച്ചു കഴിഞ്ഞുവെന്ന് ചില ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇന്ത്യാ ഗവണ്മെന്റ് ഇക്കാര്യങ്ങള്‍ പരിഗണിച്ചുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
Discussion about this post