ബെംഗളൂരു: കന്നഡ നടി സംയുക്ത ഹെഗ്ഡക്കെതിരെ സദാചാര പോലീസിംഗ് നടത്തിയ സംഭവത്തില്‍ മാപ്പപേക്ഷയുമായി കോണ്‍ഗ്രസ് വക്താവും ആക്ടിവിസ്റ്റുമായ കവിത റെഡ്ഡി രംഗത്ത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പുറത്തിവിട്ട വിഡിയോയിലൂടെയാണ് കവിത മാപ്പപേക്ഷ നടത്തിയത്. നടിക്കെതിരെ സദാചാര പോലീസിംഗ് നടത്തിയതിന് കവിതക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് മാപ്പ് അപേക്ഷിച്ച് കോണ്‍ഗ്രസ് വക്താവ് രംഗത്ത് വന്നത്.
‘ഞാനെപ്പോഴും സദാചാര പോലീസിംഗിന് എതിരാണ്. എന്റെ പ്രവൃത്തി അത്തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടതായി ഞാന്‍ മനസ്സിലാക്കുന്നു. ഒരു തര്‍ക്കത്തില്‍ എന്റെ പ്രതികരണം അത്തരത്തില്‍ ആയിപ്പോയതാണ്. അതൊരു തെറ്റായിരുന്നു. ഉത്തരവാദിത്തമുള്ള പൗരന്‍ എന്ന നിലയിലും പുരോഗമനചിന്താഗതിയുള്ള ഒരു സ്ത്രീ എന്ന നിലയിലും സംയുക്തയോടും സുഹൃത്തുക്കളോടും ഞാന്‍ മാപ്പപേക്ഷിക്കുന്നു.”- കവിത ട്വീറ്റില്‍ കുറിച്ചു.
ശനിയാഴ്ചയാണ് കവിതയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകള്‍ സംയുക്തയെയും സുഹൃത്തുക്കളെയും സദാചാര പോലീസിംഗ് നടത്തി കൈയ്യേറ്റം ചെയ്തത്. സംയുക്തയും രണ്ട് സുഹൃത്തുക്കളും ഹുല ഹൂപ്പുകളുമായി വ്യായാമം ചെയ്യാന്‍ അഗാറ തടാകത്തിനരികെ എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
നടിയും സുഹൃത്തുക്കളും വ്യായാമം ചെയ്യുന്നിടത്ത് എത്തിയ കവിതയും സംഘവും, നടിയുടെ വസ്ത്ര ധാരണം ശരിയല്ലെന്ന് പറഞ്ഞ് നടിയെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. മാന്യമായി അല്ല വസ്ത്രം ധരിച്ചിരിക്കുന്നതെന്നും പൊതുസ്ഥലത്ത് ഇങ്ങനെ വസ്ത്രമണിഞ്ഞ് വ്യായാമം ചെയ്യാന്‍ പാടില്ലെന്നും കവിത പറഞ്ഞു. തുടര്‍ന്ന് നടിക്കും സുഹൃത്തുക്കള്‍ക്കും നേരെ കയ്യേറ്റവുമുണ്ടായി. സംഭവത്തില്‍ നടി സംയുക്ത ഹെഗ്ഡ പോലീസ് പരാതി നല്‍കുകയും ചെയ്തിരുന്നു.