ഭോലാപുർ: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഒരുവയസുകാരൻ വിഷപാമ്പിനെ വിഴുങ്ങി. ഉത്തർപ്രദേശിലെ ഭോലാപുർ ഗ്രാമത്തിലെ ഫത്തേഗഞ്ചിലാണ് സംഭവം. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പാമ്പിൻ കുഞ്ഞിനെ കുട്ടി അകത്താക്കിയത്. കുഞ്ഞിന്റെ വായിൽ എന്തോ ഇരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അമ്മ പരിശോധിച്ചപ്പോൾ പാമ്പിന്റെ ശരീരഭാഗം കുട്ടിയുടെ വായിൽ ഇരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ വായിലുണ്ടായിരുന്ന ഭാഗം അമ്മ പുറത്തെടുത്തു.
ആശുപത്രിയിലെത്തിച്ച കുഞ്ഞിന് ആന്റിവെനം നൽകിയശേഷം അടിയന്തര വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ അച്ഛനായ ധർമപാലനും അമ്മ സോമവതിയും പാമ്പിനെയും ആശുപത്രിയിലെത്തിച്ചിരുന്നു. ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെയാണ് കുട്ടി വായിലാക്കിയതെന്ന് പരിശോധനയിൽ തിരിച്ചറിഞ്ഞു. അധികം വൈകുന്നതിന് മുൻപ് ആശുപത്രിയിലെത്തിച്ചതുകൊണ്ടു മാത്രമാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
വെള്ളിക്കെട്ടന്റെ വിഷമേറ്റാൽ മനുഷ്യരുടെ ജീവന് ആപത്തു സംഭവിക്കാൻ സാധ്യതയേറെയാണ്. കുഞ്ഞിന്റെ വായിൽ നിന്നും പുറത്തെടുത്തപ്പോൾ തന്നെ പാമ്പ് ചത്ത നിലയിലായിരുന്നു. ആന്റിവെനം നൽകുന്നതിന് പാർശ്വഫലങ്ങളില്ലെന്നും അതിനാൽ കുട്ടി സുരക്ഷിതനാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Discussion about this post