മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന് തന്റെ സഹോദരൻ വഴി മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നതായി വെളിപ്പെടുത്തി റിയ ചക്രവർത്തി. മുംബൈയിൽ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻസിബി)യുടെ ചോദ്യം ചെയ്യലിലാണ് നടി മുമ്പ് തന്നെ ഉയർന്ന ഈ ആരോപണങ്ങളെല്ലാം സമ്മതിച്ചതെന്ന് എൻസിബി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ റിയയെ ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് എൻസിബി വിട്ടയച്ചത്.
തിങ്കളാഴ്ച വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിയ ഞായറാഴ്ച ഏറെ വൈകിയാണ് ഹാജരായതെന്നും അതിനാൽ ചോദ്യംചെയ്യൽ പൂർത്തീകരിക്കാനായില്ലെന്നും എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കെഡെ മാധ്യമങ്ങളോട് പറഞ്ഞു.
മാർച്ച് 17ന് സുശാന്തിന്റെ മുൻ മാനേജറായിരുന്ന സാമുവൽ മിറാൻഡ പിടിയിലായ സഈദിൽനിന്ന് മയക്കുമരുന്ന് വാങ്ങാൻ പോയിരുന്നെന്നും അക്കാര്യം തനിക്കറിയാമായിരുന്നെന്നും റിയ എൻസിബി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. സഈദുമായുള്ള ഇടപാടുകൾ തനിക്കറിയാം. സഹോദരൻ ഷൊവിക്ക് ചക്രവർത്തിയുമായി ചേർന്നാണ് ഇയാളുമായി ഇടപാടുകൾ നടത്തിയിരുന്നത്. മാർച്ച് 15 മുതൽ സഹോദരനുമായി നടത്തിയ ചാറ്റുകളെല്ലാം സത്യമാണ്. ഈ ചാറ്റുകളെല്ലാം മയക്കുമരുന്നുമായി ബന്ധപ്പെട്ടായിരുന്നു. അറസ്റ്റിലായ ബാഷിത്തിൽനിന്ന് സഹോദരൻ മയക്കുമരുന്ന് വാങ്ങിയിരുന്നതെന്ന് അറിയാമായിരുന്നെന്നും റിയ വെളിപ്പെടുത്തി. ഇയാൾ തന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും റിയ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.