മൈസൂരു:ആശുപത്രിയിലേക്ക് രോഗിയേയും കൊണ്ട് ചീറി പാഞ്ഞ് പോവുകയായിരുന്ന ആംബുലൻസിന് വഴി കൊടുക്കാതെ റോഡിൽ തടസമുണ്ടാക്കിയ കാർ ഡ്രൈവർക്ക് പിഴയിട്ട് പോലീസ്. ഹൃദ്രോഗിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോയ ആംബുലൻസിനെയാണ് കാർ ഡ്രൈവർ ഹസൻ സ്വദേശിയായ ജയന്ത് തടഞ്ഞത്. ചിക്കമംഗളൂരു സ്വദേശിയായ 85 വയസുകാരനായ ച്ര്രന്ദശേഖര ആചാരിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മനസാക്ഷിയെ പൊള്ളിച്ച ഈ സംഭവം മൈസൂരുവിലാണ് നടന്നത്.
ആംബുലൻസ് തടഞ്ഞതിന് 11,000 രൂപയാണ് ജയന്തിന് പിഴയിട്ടത്. അടിയന്തര ഘട്ടങ്ങളിൽ പോകുന്ന വാഹനങ്ങൾക്ക് വഴി നൽകാത്തതിന് പതിനായിരം രൂപയും അപകടകരമായ രീതിയിൽ വാഹനമോടിച്ചത് ആയിരം രൂപ പിഴയുമാണ് ചുമത്തിയത്. ആംബുലൻസ് ഡ്രൈവർ നിരവധി തവണ സൈറൺ മുഴക്കിയെങ്കിലും വഴി നൽകാൻ ഇയാൾ തയ്യാറായില്ലെന്ന് പോലീസ് പറയുന്നു. ശേഷം ഡ്രൈവർ റോഡിന് കുറുകെ കാറിടുകയും ചെയ്തു.
ആംബുലൻസിൽ നിന്നിറങ്ങി ബന്ധുക്കൾ വഴിയൊരുക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കേൾക്കാൻ തയ്യാറിയില്ല. 15 മിനിറ്റോളമായിരുന്നു ഇയാൾ ആംബുലൻസ് തടഞ്ഞിട്ടത്. പിന്നാലെ 85കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Discussion about this post