ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലെ ആദ്യത്തെ രണ്ടു ഘട്ട ലോക്ക്ഡൗൺ കാലത്ത് മുൻകൂട്ടി ബുക്ക് ചെയ്യുകയും പിന്നീട് റദ്ദാക്കേണ്ടി വരികയും ചെയ്യേണ്ടി വന്ന വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും തിരിച്ച് നൽകുമെന്ന് ഡിജിസിഎ. ലോക്ക്ഡൗൺ കാലയളവായ മാർച്ച് 25 മുതൽ മെയ് മൂന്ന് വരെയുള്ള കാലത്ത് ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ടിക്കറ്റ് തുക പൂർണ്ണമായും തിരിച്ച് ലഭിക്കുക. ഈ കാലയളവിൽ അന്താരാഷ്ട്ര-ആഭ്യന്തര യാത്രകൾക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തവർക്കെല്ലാം തുക തിരികെ ലഭിക്കുമെന്ന് ഡിജിസിഎ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.
ലോക്ക്ഡൗൺ സമയത്ത് ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യാതിരിക്കുന്നത് 1937ലെ വ്യോമയാന ചട്ടങ്ങളുടെ ലംഘനമാണെന്നും ഡിജിസിഎ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ലോക്ക്ഡൗൺ കാലയളവിലുള്ള വിമാന ടിക്കറ്റുകളുടെ തുക പൂർണമായും റീഫണ്ട് ചെയ്ത് നൽകുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനും ഡിജിസിഎക്കും നോട്ടീസ് അയച്ചിരുന്നു.
ലോക്ക്ഡൗൺ സമയത്ത് ടിക്കറ്റ് ബുക്കിങ്ങുകൾക്ക് രണ്ട് വർഷത്തെ സാധുതയുള്ള ക്രെഡിറ്റ് ഷെൽ വിമാനകമ്പനികൾ നൽകണമെന്നും യാത്രക്കാർക്ക് തുക തിരിച്ച് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി കേന്ദ്ര സർക്കാരിനോടും നിർദേശിച്ചിരുന്നു.
Discussion about this post