വിജയവാഡ: തെലുങ്ക് ദേശം പാര്‍ട്ടി പ്രസിഡന്റും മുന്‍ അന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവിന്റെ വാഹനവ്യൂഹത്തിലെ കാറുകള്‍ പരസ്പരം കൂട്ടിയിടിച്ചു. തെലങ്കാനയിലെ യദാദ്രി ഭോംഗിര്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.
ചന്ദ്രബാബു നായിഡു റോഡ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.സംഭവത്തില്‍ മൂന്ന് എന്‍എസ്ജി ഉദ്യോഗസ്ഥര്‍ക്ക് നിസാരമായ പരിക്കേറ്റു. വിജയവാഡ-ഹൈദരാബാദ് ദേശീയപാതയില്‍ ദണ്ടുമാല്‍കപുരം ഗ്രാമത്തില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
അമരാവതിയിലെ വസതിയില്‍ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു ചന്ദ്രബാബു നായിഡു. ഏഴ് വാഹനങ്ങളാണ് നായിഡുവിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. നാലാമത്തെ വാഹനത്തിലായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്.
ദേശീയ പാതയില്‍ വച്ച് പശു കുറുകെചാടിയതോടെ മുന്നില്‍പോയ വാഹനത്തിന്റെ ഡ്രൈവര്‍ പെട്ടന്ന് വാഹനം നിര്‍ത്തുകയായിരുന്നു. പശുവിനെ ഇടിക്കാതിരിക്കാന്‍ വാഹനം ബ്രേക്ക് ചെയ്തെങ്കിലും പിന്നാലെ വന്ന കാറുകള്‍ തമ്മില്‍ ഇടിക്കുകയായിരുന്നു.
ചന്ദ്രബാബു നായിഡുവിന്റെ വാഹനം കൂട്ടിയിടിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. പരിക്കേറ്റ എന്‍എസ്ജി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് വാഹനത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ദൃശ്യങ്ങളില്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചതായും ബോണറ്റ് പൂര്‍ണമായും തകര്‍ന്നതായും കാണാം.
Discussion about this post