ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊവിഡ് പരിശോധനാ ലാബ് തുറക്കുന്നു. രാജ്യത്ത് ആദ്യമായാണ് ഈ നടപടി. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധന നടത്തുന്നതിനായാണ് വിമാനത്താവളത്തില്‍ തന്നെ കൊവിഡ് പരിശോധനാ ലാബ് തുറക്കുന്നത്.
സെപ്റ്റംബര്‍ മാസം മധ്യത്തോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന ലാബില്‍ ആറ് മണിക്കൂറിനകം ആര്‍ടി- പിസിആര്‍ പരിശോധനാഫലം ലഭിക്കുമെന്നതാണ് ആശ്വാസമാകുന്നത്. കൊവിഡ് പരിശോധനയ്ക്കായി ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ള സ്വകാര്യ ലാബിന്റെ സഹകരണത്തോടെ ടെര്‍മിനല്‍ മൂന്നിന്റെ കാര്‍ പാര്‍ക്കിംഗില്‍ 3,500 സ്ക്വയര്‍ മീറ്റര്‍ സ്ഥലത്താണ് പരിശോധനയ്ക്കുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.
നാല് മുതല്‍ ആറുവരെ മണിക്കൂറുകള്‍ക്കുള്ളില്‍ ഫലം ലഭിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് വെയിറ്റിംഗ് ലോഞ്ചില്‍ ഐസൊലേഷനില്‍ ഇരിക്കുകയോ ഹോട്ടല്‍ മുറിയില്‍ താമസിക്കുകയോ ചെയ്യാവുന്ന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫലം പോസിറ്റീവാകുന്ന പക്ഷം ഐസിഎംആര്‍ നിര്‍ദേശ പ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കും. പരിശോധനാഫലം നെഗറ്റീവ് ആകുന്നവര്‍ക്ക് സ്വതന്ത്രമായി പോകാവുന്നതാണ്.
Discussion about this post