മുംബൈ: നടി റിയ ചക്രവർത്തിയുടെ ചാറ്റ് വിനയായതോടെ സഹോദരൻ ഷൊവിക് ചക്രവർത്തി നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിൽ. മുംബൈയിലെ വസതിയിൽ വെള്ളിയാഴ്ച രാവിലെ എൻസിബി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ഷൊവിക്കിന്റെ ലാപ്‌ടോപ്പും പിടിച്ചെടുത്തു. എൻസിബി മുംബൈയിൽ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരൻ സഈദ് വിലാത്ര(20) യുമായി ഷൊവിക്കിനും സുശാന്തിന്റെ മുൻ മാനേജർ സാമുവൽ മിറാൻഡയ്ക്കും ബന്ധമുണ്ടെന്നു തെളിഞ്ഞതോടെയാണ് ഷോവിക് പിടിയിലായത്. സാമുവൽ മിറാൻഡയും എൻസിബി കസ്റ്റഡിയിലാണ്.
അന്ധേരിയിൽ നിന്ന് പിടിയിലായ സഈദ് വിലത്രയുടെ കൈയ്യിൽ നിന്നും 2,081 യുഎസ് ഡോളർ, 180 ബ്രിട്ടീഷ് പൗണ്ട്, 15 ദിർഹം, 9,55,750 രൂപയും പിടിച്ചെടുത്തിരുന്നു. ലോക്ക്ഡൗൺ കാലത്ത് ഇയാൾ നടത്തിയിരുന്ന ബാന്ദ്രയിലെ ഭക്ഷണശാല പൂട്ടേണ്ടി വന്നതോടെയാണ് വിലത്ര ലഹരിമരുന്നുകളുടെ ഇടപാടിൽ സജീവമായതെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. ഷൊവിക് ചക്രവർത്തിക്കും സുശാന്തിന്റെ ഹൗസ് മാനേജരായിരുന്ന സാമുവേൽ മിരാൻഡയ്ക്കും ഇയാൾ കഞ്ചാവ് എത്തിച്ചിരുന്നതായാണ് വിവരം.
ഇയാളും ഷൊവിക്കും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങൾ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കണ്ടെടുത്തിരുന്നു. റിയ ചക്രവർത്തിയും ഗോവയിലെ ഹോട്ടൽ നടത്തിപ്പുകാരനും ഡ്രഗ് ഡീലറുമായ ഗൗരവ് ആര്യയുമായുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ പുറകെ പോയാണ് എൻസിബി ഷൊവിക്കിലേക്ക് എത്തിയത്. ലഹരി മരുന്ന് ഉപയോഗം, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ ചാറ്റ് എൻസിബി റിയയുടെ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു.
Discussion about this post