ന്യൂഡല്‍ഹി: റെയില്‍വേയെ പൂര്‍ണമായി സ്വകാര്യവത്ക്കരിക്കുന്നത് വേഗത്തിലാക്കാന്‍ സുപ്രധാന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. റെയില്‍വേ ബോര്‍ഡ് അഴിച്ചുപണിതും നിര്‍മാണ ഫാക്ടറികളെ ഒറ്റ കമ്പനിയാക്കിയുമാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍.
ഓഹരിവില്‍പ്പന ഉടന്‍ തുടങ്ങാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. റെയില്‍വേ സ്വകാര്യവത്കരണ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെ സി.ഇ.ഒ ആയി നിയമിച്ചു. നിലവിലുള്ള ചെയര്‍മാന്‍ വി.കെ യാദവ് തന്നെ ആയിരിക്കും ആദ്യ സിഇഒ.
സ്റ്റാഫ്, എന്‍ജിനിയറിങ്, മെറ്റീരിയല്‍സ് മാനേജ്മെന്റ് വിഭാഗങ്ങളുടെ ചുമതല വഹിച്ചുവന്ന ബോര്‍ഡ് അംഗങ്ങളുടെ തസ്തിക റദ്ദാക്കി. റെയില്‍വേ ബോര്‍ഡ് അഴിച്ചുപണിയുക എന്ന ലക്ഷ്യമാണ് ഇതോടെ കേന്ദ്രസര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്.
റെയില്‍വേയുടെ ഏഴ് നിര്‍മാണ ഫാക്ടറികള്‍ ഇന്ത്യന്‍ റെയില്‍വേയ്സ് റോളിങ് സ്റ്റോക്ക് കമ്പനി എന്ന ഒറ്റകമ്പനിയായാകും ഇനി പ്രവര്‍ത്തിക്കുക.
സ്വകാര്യ വത്കരണ നീക്കങ്ങളുടെ ഭാഗമായി ഓഹരിവില്‍പന ഉടന്‍ തുടങ്ങും. വിവിധ സ്ഥലങ്ങളിലെ റെയില്‍വേ ഭൂമി ദീര്‍ഘകാലത്തേയ്ക്ക് പാട്ടത്തിനു നല്‍കാനും തിരുമാനിച്ചിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുക എന്ന ലക്ഷ്യത്തിലേയ്ക്കും ഉടന്‍ റെയില്‍വേ കടക്കും. മൂന്നരലക്ഷം തസ്തികയാണ് ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നത്.