ന്യൂഡൽഹി: രാജ്യത്തെ പരിമിതമായ ആരോഗ്യ സംവിധാനവും 130 കോടി ജനങ്ങളും വെച്ച് നോക്കുമ്പോൾ ഇന്ത്യയിൽ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കൊവിഡ് 19 മരണനിരക്ക് കുറവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. രോഗമുക്തി നിരക്ക് ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്നും മോഡി പറഞ്ഞു. കൊവിഡ് 19 പലകാര്യങ്ങളെയും ബാധിച്ചുവെങ്കിലും 130 കോടി ഇന്ത്യക്കാരുടെ അഭിവാഞ്ഛയെയും ലക്ഷ്യങ്ങളേയും ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാർട്ടണർഷിപ്പ് ഫോറത്തിന്റെ മൂന്നാമത് വാർഷിക നേതൃത്വസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.
സമീപമാസങ്ങളിലായി വ്യാപകമായ പരിഷ്കരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് ബിസിനസ്സ് നടത്തുന്നത് കൂടുതൽ എളുപ്പമാക്കുകയും മാമൂൽ സമ്പ്രദായങ്ങളെ കുറച്ചുകൊണ്ടുവരികയും ചെയ്യും.1 30 കോടി ജനങ്ങൾ ആത്മനിർഭർ ഭാരത് സൃഷ്ടിക്കാനുളള ദൗത്യം ആരംഭിച്ചിരിക്കുകയാണ്. പ്രാദേശികതയെയും ആഗോളതയെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് ആത്മനിർഭർ ഭാരത്. ലോകത്തിന്റെ കരുത്ത് ഇരട്ടിപ്പിക്കുന്നതിനായി ഇന്ത്യയുടെ ശക്തി പ്രവർത്തിക്കുന്നുവെന്ന് ഇതുറപ്പാക്കുന്നെന്നും മോഡി പറഞ്ഞു.
കൊവിഡ് നമ്മുടെ പോരാട്ടവീര്യത്തേയും പൊതുജനാരോഗ്യ സംവിധാനത്തേയും സാമ്പത്തികവ്യവസ്ഥയേയും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 2020 തുടങ്ങിയപ്പോൾ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുമെന്ന് ആരും ചിന്തിച്ചുപോലുമില്ല. മനുഷ്യകേന്ദ്രിതമായ വികസനം സംബന്ധിച്ച പുതിയ മനോനിലയാണ് നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നതെന്നും മോഡി പറഞ്ഞു.
Discussion about this post