ന്യൂഡല്‍ഹി: 1992 ഡിസംബര്‍ ആറിന് സംഘ്പരിവാര്‍ തകര്‍ത്ത ബാബരിമസ്ജിദിനു താഴെ ക്ഷേത്രം ഉണ്ടായിരുന്നില്ലെന്നും ഹിന്ദുത്വരാഷ്ട്രീയ മുന്നേറ്റത്തിനായി ഇന്ത്യന്‍ പുരാവസ്തു വകുപ്പ് (എഎസ്ഐ) രാജ്യത്തോട് കള്ളം പറയുകയായിരുന്നുവെന്നും പ്രമുഖ പുരാവസ്തുഗവേഷകരുടെ വെളിപ്പെടുത്തല്‍.
ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ് അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തെറ്റാണെന്നും, അയോധ്യയില്‍ പള്ളിനിലനിന്ന സ്ഥലത്തു നടത്തിയ ഖനനത്തില്‍ നിരീക്ഷകരായി പങ്കെടുത്ത സുപ്രിയാ വര്‍മയും ജയാ മേനോനും വ്യക്തമാക്കി.
ആറുമാസത്തെ ഗവേഷണത്തിനൊടുവില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് 2003 ആഗസ്തില്‍ പുരാവസ്തു വകുപ്പ് അലഹാബാദ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് പുരാവസ്തു വകുപ്പ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. കേസില്‍ നിര്‍ണായകമായിരുന്നു വകുപ്പിന്റെ നിലപാട്.
എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ചതുപ്രകാരം രാഷ്ട്രീയലക്ഷ്യത്തോടെ തെറ്റായ റിപ്പോര്‍ട്ടാണ് പുരാവസ്തുവകുപ്പ് നല്‍കിയിരുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ആദ്യമേ നിശ്ചയിച്ച ‘ഫലം’ തെറ്റിദ്ധരിപ്പിക്കുന്നതിനായി പുരാവസ്തു വകുപ്പ് രാജ്യത്തോട് നുണപറയുകയായിരുന്നുവെന്ന് ഇരുവരും വ്യക്തമാക്കി. ഹഫിങ്ട്ടണ്‍ പോസ്റ്റിനുനല്‍കിയ അഭിമുഖത്തിലാണ്, ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 26-ാംവാര്‍ഷികത്തിന്റെ തലേദിവസം ഇരുവരുടെയും നിര്‍ണായക വെളിപ്പെടുത്തല്‍.
ജവഹര്‍ലാല്‍ നെഹ്റു പുരാവസ്തുപഠനത്തിലെ പ്രഫസറാണ് സുപ്രിയാ വര്‍മ. നദര്‍ സര്‍വകലാശാലയിലെ ചരിത്രവിഭാഗം മേധാവിയാണ് ജയാമേനോന്‍. അന്ന് പുരാവസ്തു വകുപ്പ് നടത്തിയ ഖനനത്തില്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെടുത്തിരുന്നില്ല. തന്നെയുമല്ല നേരത്തെ അവിടെയുണ്ടായിരുന്ന മുസ്ലിം പള്ളിയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. നേരത്തെ തന്നെ പള്ളി നിലനിന്ന ഭൂമി ഉയര്‍ത്തിക്കെട്ടി അവിടെ മുഗള്‍ ചക്രവര്‍ത്തി പള്ളി നിര്‍മിക്കുകയായിരുന്നുവെന്ന് ഇതില്‍ നിന്നു വ്യക്തമാണെന്നും അവര്‍ പറയുന്നു.
Discussion about this post