ബംഗളൂരു: എച്ച്‌ഐവി ബാധിതയായ പെണ്‍കുട്ടി കുളത്തില്‍ ചാടി മരിച്ചതിന് പിന്നാലെ കുളം വറ്റിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍. കര്‍ണ്ണാടകയിലെ ഹൂബ്ലിയിലെ മൊറാബ് ഗ്രാമത്തിലാണ് സംഭവം നടന്നത്.
മീനുകള്‍ പാതിതിന്ന നിലയിലുള്ള മൃതദേഹം കുളത്തില്‍ കണ്ടെത്തുന്നത് നവംബര്‍ 29 നാണ്. ഇതിന് പിന്നാലെ കുളത്തില്‍ നിന്നുള്ള വെള്ളം കുടിക്കുന്നതില്‍ പ്രദേശവാസികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. കുളം എച്ച്‌ഐവി വൈറസിനാല്‍ മലിനമായെന്നാണ് പ്രദേശവാസികളുടെ ആരോപണം.
ഇതോടെ കുളം വറ്റിക്കാന്‍ ജില്ലാ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ജില്ലാ അധികൃതര്‍ കുളം വറ്റിച്ചില്ലെങ്കില്‍ പ്രദേശവാസികള്‍ തന്നെ ഇത് ചെയ്യുമെന്നാണ് ഇവരുടെ ഭീഷണി. ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച രാവിലെയോട് കൂടിയോ കുളം വറ്റിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഡിസംബര്‍ 20 നുള്ളില്‍ മലാപ്രഭ കനാലില്‍ നിന്നും കുളത്തില്‍ വെള്ളം നിറയ്ക്കാനാണ് പദ്ധതി.
എന്നാല്‍ പ്രദേശവാസികളുടെ ആശങ്കക്ക് പിന്നില്‍ അടിസ്ഥാനമില്ലെന്ന് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ആന്റ് കമ്മ്യൂണിക്കബിള്‍ ഡിസീസ് ഡയറക്ടര്‍ ഡോക്ടര്‍ നാഗരാജ് പറഞ്ഞു. ഇത്തരം ആശങ്കക്ക് പിന്നില്‍ ശാസ്ത്രീയമായ യാതൊരു അടിത്തറയും ഇല്ല. എച്ച്‌ഐവി വൈറസ് മൂലം വെള്ളം മലിനീകരിക്കപ്പെട്ടെന്നത് തെറ്റായ വിശ്വാസമാണ്.
താപനില 25 ഡിഗ്രിയില്‍ കൂടുതല്‍ ആയിരിക്കുമ്പോള്‍ വെള്ളത്തില്‍ ആറ് മണിക്കൂറില്‍ കൂടുതല്‍ വൈറസിന് അതിജീവിക്കാന്‍ കഴിയില്ല. പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചിട്ട് ആറ് ദിവസം പിന്നിട്ടെന്നും ഡോക്ടര്‍ നാഗരാജ് പറഞ്ഞു.