ന്യൂഡൽഹി: നോട്ട് നിരോധനത്തിന്റെ അനന്തരഫലമാണ് ജിഡിപി കൂപ്പുകുത്തുന്നതിലേക്ക് എത്തിച്ചതെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടേയും അസംഘടിത മേഖലയിലെ ആളുകളുടേയും നേർക്കുള്ള ആക്രമണമായിരുന്നു മോഡി സർക്കാരിന്റെ നോട്ട് നിരോധനം എന്നും രാഹുൽ ആരോപിച്ചു.
മോഡി സർക്കാരിന്റെ നോട്ട് നിരോധനം നാലാം വാർഷികത്തിൽ എത്തി നിൽക്കേയാണ് നോട്ടുനിരോധനത്തിന്റെ ദൂഷ്യഫലങ്ങളാണ് നാം ഇന്നനുഭവിക്കുന്നത് എന്ന രൂക്ഷ വിമർശനവുമായി രാഹുൽ രംഗത്തെത്തിയിരിക്കുന്നത്.
മോഡിയുടെ ‘കാഷ് ഫ്രീ ഇന്ത്യ’ രാജ്യത്തെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്മാർക്ക് മാത്രമേ ഗുണം ചെയ്തിട്ടുള്ളൂ. 2016 നവംബർ 8ന് മോഡി എറിഞ്ഞ ആ പകിട 2020 ആഗസ്റ്റ് 31ന് വലിയ ദുരന്തമാണ് സൃഷ്ടിച്ചിട്ടുള്ളത്. കള്ളപ്പണം ഒഴിവാക്കാൻ നോട്ടുനിരോധനത്തിനായില്ല. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറഞ്ഞു.
സാധാരണക്കാരന്റെ കീശയിൽ കയ്യിട്ട് ശതകോടിശ്വരന്മാരുടെ കടം വീട്ടാൻ ഉപയോഗിച്ചു. ഇത് മാത്രമാണ് നോട്ടുനിരോധനംകൊണ്ടു നടന്നതെന്നും രാഹുൽ ആരോപിച്ചു. ‘ക്യാഷ് ഫ്രീ ഇന്ത്യ’ യഥാർത്ഥത്തിൽ തൊഴിലാളികളേയും കർഷകരേയും ചെറുകിട വ്യവസായികളേയും ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയാണെന്നും രാഹുൽ പറഞ്ഞു.