മുംബൈ: പ്ലാസ്റ്റിക് കുപ്പികളും, പൊട്ടിത്തകര്‍ന്ന ഗ്ലാസ്സുകളും, പച്ചക്കറികളും മറ്റ് അറപ്പ് തോന്നുന്ന മാലിന്യങ്ങളുമെല്ലാം റോഡരികുകളില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ നാം കാണാറുണ്ട്. ഒരുപക്ഷേ നമ്മളില്‍ പലരുമാകാം ഇതിന് പിന്നില്‍. എന്നാല്‍ ഇത്തരത്തില്‍ റോഡിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുമ്പോള്‍ ഇതൊക്കെ ആരാണ് എടുത്തുകൊണ്ടുപോകുന്നതെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?.
മാലിന്യം ശേഖരിക്കുന്നത് തൊഴിലാക്കിയ ഒരമ്മയുടെ അനുഭവക്കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. അറപ്പുതോന്നുന്ന മാലിന്യങ്ങള്‍ കൈകൊണ്ട് പെറുക്കിയെടുക്കുമ്പോഴുണ്ടായ അനുഭവങ്ങളെല്ലാം അവര്‍ വ്യക്തമായി പറയുന്നു.
നിങ്ങള്‍ തെരുവില്‍ എന്തെങ്കിലും എറിയുമ്പോള്‍ അത് അപ്രത്യക്ഷമാകില്ലെന്ന് ഓര്‍മ്മിക്കുക. ഈ ചങ്ങലയുടെ അവസാനം നിങ്ങളുടെ മാലിന്യം സ്വീകരിക്കുന്ന ഒരു വ്യക്തി ഉണ്ട് എന്ന് അവര്‍ പറയുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക് പേജിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.
ഹ്യൂമന്‍സ് ഓഫ് ബോംബെ പങ്കുവച്ച കുറിപ്പ് വായിക്കാം;
എനിക്ക് 10 വയസ്സുള്ളപ്പോള്‍ തൊട്ട് ഈ മാലിന്യം ശേഖരിക്കുന്ന ജോലി ചെയ്യുന്നു. എല്ലാ ദിവസവും ഞാന്‍ നനഞ്ഞതും വരണ്ടതുമായ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കും. പകല്‍ സമയത്ത് ശേഖരിച്ച മാലിന്യത്തിന്റെ അളവ് അനുസരിച്ചാണ് എന്റെ വരുമാനം. അതുകൊണ്ട് ഒരു നിശ്ചിത വരുമാനം ലഭിക്കാറില്ല. ഈ സാഹചര്യത്തില്‍ പെന്‍ഷനൊക്കെ ലഭിക്കുക എന്നത് വെറും സ്വപ്നം മാത്രമാണ്.
എങ്കിലും ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. ഞാന്‍ ആഴ്ചയില്‍ ഏഴു ദിവസവും, വര്‍ഷത്തില്‍ 365 ദിവസവും പണിയെടുക്കുന്നു. വിശേഷ ദിവസങ്ങളില്‍ എല്ലാവരും പുതുവസ്ത്രം ധരിച്ച് ആഘോഷിക്കുമ്പോള്‍ ഞാന്‍ ഈ മാലിന്യങ്ങള്‍ക്ക് നടുവിലായിരിക്കും. ആരെങ്കിലും ഈ ജോലി ചെയ്യണമെന്ന് എനിക്കറിയാം. പക്ഷെ, ആ ‘ആരെങ്കിലും’ ആകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വര്‍ഷങ്ങള്‍ കൊണ്ട് ഞാനീ അവസ്ഥയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.
പക്ഷെ, പകരമായി ഞാന്‍ ചോദിക്കുന്നത് ഒരു ചെറിയ അംഗീകാരമാണ്. നിങ്ങള്‍ തെരുവില്‍ എന്തെങ്കിലും എറിയുമ്പോള്‍ അത് അപ്രത്യക്ഷമാകില്ലെന്ന് ഓര്‍മ്മിക്കുക. ഈ ചങ്ങലയുടെ അവസാനം നിങ്ങളുടെ മാലിന്യം സ്വീകരിക്കുന്ന ഒരു വ്യക്തി ഉണ്ട്. പലതവണ തകര്‍ന്ന കുപ്പിച്ചില്ല് കൊണ്ട് എനിക്ക് പരുക്കേറ്റിട്ടുണ്ട്, ആര്‍ത്തവ പാഡുകളില്‍ നിന്ന് രക്തം എന്റെ കൈകളില്‍ പറ്റിയിട്ടുണ്ട്. ഞാന്‍ പരാതിപ്പെടുന്നില്ല, അടുത്തതവണ നിങ്ങള്‍ ഇവ ഉപേക്ഷിക്കുന്നതിന് മുന്‍പ് എന്നെക്കുറിച്ച് ചിന്തിക്കുക. ഇതുമാത്രമാണ് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നത്.
Discussion about this post