ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ ട്രാക്കിന് സമീപമുള്ള 48,000 ചേരികള്‍ മൂന്ന് മാസത്തിനുള്ളില്‍ ഒഴിപ്പിക്കാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. ബുധനാഴ്ച്ച വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര അടങ്ങുന്ന ബെഞ്ച് നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കിയിരുന്നു. റെയില്‍വേ ട്രാക്കിനു സമീപത്തെ ചേരികള്‍ ഒഴിപ്പിക്കുന്നതില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഇടപെടല്‍ ഉണ്ടാകാന്‍ പാടില്ലെന്നും നേരത്തെ അരുണ്‍ മിശ്രയുടെ നേതൃത്വത്തലുള്ള ബെഞ്ച് അറിയിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട കേസിലാണ് ചേരികള്‍ മൂന്ന് മാസത്തിനുള്ളില്‍ ഒഴിപ്പിക്കണമെന്ന് അന്തിമ ഉത്തരവ് ഇറക്കിയത്. ഇന്ത്യന്‍ റെയില്‍വേ നല്‍കിയ സത്യവാങ്മൂലത്തില്‍ ഡല്‍ഹിയിലെ 140 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്ന റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപം അനധികൃത ചേരികളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ചേരികള്‍ക്കും പുറമേ റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപമുള്ള പ്ലാസ്റ്റിക്ക്, ഗാര്‍ബേജ് മാലിന്യങ്ങള്‍ നീക്കണമെന്നും സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതിനും മൂന്ന് മാസക്കാലവധിയാണ് സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്. ചേരികള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാരിന്റെയും, റെയില്‍വേ അധികൃതരുടെയും, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെയും യോഗം ചേരാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് കിടക്കുന്ന അനധികൃത കൈയ്യേറ്റങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഒഴിപ്പിക്കാന്‍ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഒരുമാസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെടുന്നു.
Discussion about this post