ന്യൂഡൽഹി: സുപ്രീംകോടതി ടെലികോം കമ്പനികളുടെ എജിആർ കുടിശ്ശിക സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതോടെ മൊബൈൽ താരിഫിൽ ചുരുങ്ങിയത് 10ശതമാനം വർധന ഉറപ്പായി. ഭാരതി എയർടെൽ, വൊഡാഫോൺ-ഐഡിയ എന്നിവയ്ക്ക് എജിആർ കുടിശ്ശികയിനത്തിൽ അടുത്ത ഏഴുമാസത്തിനുള്ളിൽ 10 ശതമാനം തുക തിരിച്ചടയ്‌ക്കേണ്ടി വരുന്നതിനാലാണിത്. 2021 മാർച്ച് 31നകം ടെലികോം ഓപ്പറേറ്റർമാർ കുടിശ്ശികയിൽ 10ശതമാനം തിരിച്ചടയ്ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ബാക്കിയുള്ളതുക 10 തവണകളായാണ് അടച്ചുതീർക്കേണ്ടത്. അതിന് 10വർഷത്തെ സാവകാശമാണ് നൽകിയിട്ടുള്ളത്.
ഇതോടെ 2021 മാർച്ചിൽ ഭാരതി എയർടെൽ 2,600 കോടി രൂപയും വൊഡാഫോൺ ഐഡിയ 5,000 കോടി രൂപയുമാണ് നൽകേണ്ടിവരിക. നിലവിൽ ഒരു ഉപഭോക്താവിൽ നിന്നു ലഭിക്കുന്ന ശരാശരി വരുമാനംവെച്ച് ഈ കുടിശ്ശിക അടയ്ക്കാൻ കമ്പനികൾക്കാവില്ല. ഭാരതി എയർടെല്ലിന് 10 ശതമാനവും വൊഡാഫോൺ ഐഡിയയ്ക്ക് 27ശതമാനവും നിരക്ക് വർധിപ്പിച്ചാൽ മാത്രമെ തിരിച്ചടയ്ക്കാൻ സാധിക്കൂ എന്നാണ് വിലയിരുത്തൽ.
നടപ്പ് സാമ്പത്തികവർഷത്തെ ആദ്യപാദത്തിൽ ഒരു ഉപഭോക്താവിൽനിന്ന് എയർടെലിന് ലഭിച്ചവരുമാനം 157 രൂപയാണ്. വൊഡാഫോൺ ഐഡിയയ്ക്കാകട്ടെ 114 രൂപയും. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം 2019 ഡിസംബറിലാണ് കമ്പനികൾ മൊബൈൽ കോൾ, ഡാറ്റ നിരക്കുകളിൽ 40ശതമാനത്തോളം വർധനവരുത്തിയത്.