ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തിയ ഉത്തർപ്രദേശിലെ ഡോക്ടർ കഫീൽ ഖാൻ ജയിൽ മോചിതനായി. ഇന്ന് പുലർച്ചയോടെയാണ് മഥുര ജയിലിൽ നിന്ന് കഫീൽ ഖാൻ മോചിതനായത്. കഫീൽ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് യുപി സർക്കാർ അദ്ദേഹത്തെ മോചിപ്പിച്ചത്. എട്ട് മാസത്തെ ജയിൽവാസത്തിന് ശേഷമാണ് കഫീൽ ഖാന്റെ മോചനം.
അലിഗഢ് സർവകലാശാലയിൽ നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പരിപാടിക്കിടെ വിദ്വേഷപ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഉത്തർപ്രദേശ് സർക്കാരാണ് കഫീൽ ഖാനെ ജയിലിലടച്ചത്. പിന്നീട് എൻഎസ്എ ചുമത്തുകയും ചെയ്തിരുന്നു. പിന്നീട് എട്ടുമാസത്തിന് ശേഷം അലഹാബാദ് ഹൈക്കോടതിയാണ് ഇന്നലെ ക
ഫീൽ ഖാന് ജാമ്യം അനുവദിച്ചത്. കേസിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി, കഫീൽ ഖാന് സ്വഭാവിക നീതി നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി.
യാതൊരു തെളിവും ഇല്ലാതെ നിയമവിരുദ്ധമായാണ് യുപി സർക്കാർ കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയതെന്ന് കോടതി നിരീക്ഷിച്ചു. കഫീൽ ഖാന്റെ അമ്മ നുസ്രത്ത് പർവീൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂർ, ജസ്റ്റിസ് സൗമിത്ര ദയാൽ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
കഴിഞ്ഞ ഡിസംബറിൽ മുംബൈയിൽ വെച്ചാണ് ഒരു പരിപാടിക്കെത്തിയ കഫീൽ ഖാനെ പിന്തുടർന്നെത്തിയ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കഫീൽ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് ഉയർന്നത്.
നേരത്തെ കഫീൽ ഖാനെ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് അമ്മ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിഷയം അലഹബാദ് കോടതിയാണ് പരിഗണിക്കേണ്ടതെന്നായിരുന്നു കോടതിയുടെ നിലപാട്.
Discussion about this post