ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി.കെ. ശശികലയുടെ 300 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബെംഗളൂരു അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ് ശശികല.
ശശികലയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ആദായനികുതി വകുപ്പ് നടപടി ആരംഭിച്ചു. ചെന്നൈയിലും പരിസരത്തുമായി ശശികല വാങ്ങിക്കൂട്ടിയ ഭൂമിയടക്കമുള്ള 65 ആസ്തികളാണ് ആദായനികുതി വകുപ്പിന്റെ ബിനാമി നിരോധന യൂണിറ്റ് കണ്ടുകെട്ടാന്‍ നടപടി തുടങ്ങിയത്.
ഇതിനു മുന്നോടിയായി ശശികലയുടെ ബിനാമി കമ്പനികള്‍ക്കും വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. ചെന്നൈ പോയസ് ഗാര്‍ഡനിലുള്ള ജയലളിതയുടെ വീടായ വേദനിലയത്തിനു സമീപം ശശികല പണിയുന്ന ബംഗ്ലാവും കണ്ടുകെട്ടുന്നവയില്‍ ഉള്‍പ്പെടും.
ജയില്‍മോചിതയാകുമ്പോള്‍ താമസിക്കാനാണ് വേദനിലയത്തിനു സമീപം ശശികല വീടു നിര്‍മിക്കുന്നത്. 1995 മാര്‍ച്ചില്‍ ഹൈദരാബാദില്‍ രജിസ്റ്റര്‍ചെയ്ത ശ്രീ ഹരിചന്ദന എസ്റ്റേറ്റ്‌സ് എന്ന സ്ഥാപനം ശശികലയുടെ ബിനാമി കമ്പനിയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം വഴി 2003-2005 കാലയളവില്‍ 200 ഏക്കര്‍ വരുന്ന 65-ഓളം വസ്തുവകകള്‍ ശശികല വാങ്ങിയെന്നും നിലവില്‍ അതിന് 300 കോടി രൂപ വിലമതിക്കുമെന്നും ഐ.ടി. വൃത്തങ്ങള്‍ അറിയിച്ചു.
കാളിയപെരുമാള്‍, ശിവകുമാര്‍ എന്നിവരുടെ പേരിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ജാസ് സിനിമാസ്, മിഡാസ് ഗോള്‍ഡന്‍ ഡിസ്റ്റിലറീസ് എന്നിവയിലും ശശികലയാണ് മുഖ്യപങ്കാളി.
പോയസ് ഗാര്‍ഡനു പുറമേ ചെന്നൈയില്‍ ആലന്തൂര്‍, താംബരം, ഗുഡുവാഞ്ചേരി, ശ്രീപെരുമ്പത്തൂര്‍ എന്നിവിടങ്ങളിലെ സ്വത്തുക്കളും കണ്ടുകെട്ടുന്നവയില്‍ ഉള്‍പ്പെടും.
Discussion about this post