ന്യൂഡല്‍ഹി: വിവാദമായ അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരന് ക്രിസ്ത്യന്‍ മിഷേലിനെ 5 ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ കസ്റ്റഡിയാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. ഇടപാടിലെ പണം കൈമാറ്റത്തെ പറ്റിയടക്കം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ അനുവദിക്കണമെന്നായിരുന്നു സിബിഐ ആവശ്യം.
ഇടപാടുമായി ബന്ധപ്പെട്ട് ദുബൈയിലെ രണ്ട് അക്കൗണ്ടുകളില്‍ കമ്മീഷനായി എത്തിയത് 240 കോടി രൂപയെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഡല്‍ഹി സിബിഐ കോടതിയാണ് ക്രിസ്ത്യന്‍ മിഷേലിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.
വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു എന്ന കേസില്‍ ക്രിസ്ത്യന്‍ മിഷേലിനെ ഇന്നലെ രാത്രിയാണ് ദുബായില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിച്ചത്. ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത മിഷേല്‍ ദുബായില്‍ ജയിലിലായിരുന്നു. ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് മിഷേലിനെ ദുബൈയ് കോടതി വിട്ടു തരികയായിരുന്നു.
ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നതിനായി അഗസ്റ്റ വെസ്റ്റ്ലാന്ഡില് നിന്നു മിഷേല്‍ ഇരുന്നൂറ്റി ഇരുപത്തിയഞ്ചുകോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2016 ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ്, മാതൃകമ്പനിയായ ഫിന്മെക്കാനിക്ക എന്നിവര്‍ക്ക് വേണ്ടിയാണ് മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നാണ് കണ്ടെത്തല്‍. മിഷേലിനെതിരെ ഡല്‍ഹി പട്യാല ഹൌസ് കോടതി 2017 ജനുവരിയില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 12 വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറാണ് 2010-ല്‍ അഗസ്റ്റ വെസ്റ്റലാന്ഡുമായി ഇന്ത്യ ഒപ്പിട്ടിരുന്നത്. യുപിഎ സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ ആരോപണങ്ങളില്‍ പ്രധാനപ്പെട്ടതാണ് അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസ്.
Discussion about this post